Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Sunday, December 30, 2012

ആഘോഷമാകുന്ന വേദനകള്‍..

       ജീവിക്കാനുള്ള മോഹം അവസാന ശ്വാസം വരെ പങ്കുവെച്ച ആ പെണ്‍കുട്ടി നിത്യതയുടെ തീരങ്ങളിലെയ്ക്ക് യാത്രയായിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നാട്ടിലെ മാനഭംഗങ്ങളുടെയും  സ്ത്രീ പീടനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യപ്പെടുത്തിയും  ഇനിയും ഏറെ നാള്‍ മീടിയകളില്‍ ആഘോഷങ്ങള്‍ നീണ്ടു നിന്നേക്കാം. കാമവെറിയന്മാരെ കഴുവിലേറ്റാനുള്ള മുറവിളികള്‍ക്ക് നാളെ  ഒരു പക്ഷെ ശക്തി കുറഞ്ഞേക്കാം. ചിതറുന്ന നോട്ടുകെട്ടുകളുടെ മുകളിലൂടെ കറുത്ത കോട്ടിട്ട വവ്വാലുകള്‍ പറന്നു വീഴുമ്പോള്‍ നിയമവ്യവസ്ഥയുടെ ലൂപ്‌ ഹോളുകളിലൂടെ ആ നികൃഷ്ട ജീവികളും രക്ഷപെട്ടെക്കാം. നിരത്തുകള്‍ നിറയുന്ന പ്രക്ഷോഭങ്ങള്‍ക്ക് അരങ്ങ് ഒഴിയുമ്പോള്‍  ഇന്നത്തെ ക്ഷോഭിക്കുന്ന യുവത്വം വീണ്ടും യൂട്യൂബില്‍ വസന്തമായി വിരിയുന്ന  മായക്കാഴ്ച്ചകളിലെയ്ക്കും  സണ്ണി ലിയോണിന്റെ സുവിശേഷങ്ങളിലെയ്ക്കും  മടങ്ങും.   ഇനിയും, സ്ത്രീവിമോചനത്തിന്റെ ന്യൂ ജനറേഷന്‍ വീഡിയോകള്‍  3GP, MP4 ഫോര്‍മാറ്റുകളില്‍   മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്‌ ഇത്യാതികളിലൂടെ ചിറകടിച്ചു പറക്കും.. അപ്പോള്‍,  ആരും അനുസ്മരിക്കാതെ പോയ ആ പോലീസുകാരന്റെ ആത്മാവ് ഒരു പുച്ഛച്ചിരിയോടെ പറയും .. "എന്തിനോ  വേണ്ടി തിളച്ച സാമ്പാറുകള്‍.... കഷ്ടം.. തണുത്തു പോയല്ലോ.."    

    
    ഇപ്പോഴും ചര്‍ച്ചാ വേദികള്‍ സജീവമാണ്.. ബുദ്ധിജീവികളും..   അവര്‍ ചര്‍ച്ച ചെയ്യുന്നു - ഫ്യൂഡല്‍ പുരുഷാധിപത്യ വാഴ്ചയുടെ അടിവേരു പിഴുതെടുക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ച്..   ഇനിയും പൂവണിയാത്ത ഫെമിനിസ്റ്റ്‌വസന്തം പൊട്ടിവിടരേണ്ട സമയം അതിക്രമിച്ചത്തിന്റെ നഷ്ട ഭാഗ്യങ്ങളെക്കുറിച്ച്.. പീഡനവീരന്മാരെ തൂക്കിക്കൊല്ലണോ  കരണ്ടടിപ്പിച്ചു കൊല്ലണോ അതോ 'നിര്‍വീര്യ'രാക്കി തുറന്നു വിട്ടാല്‍ മതിയോ എന്നതിനെപ്പറ്റി..  നിയമത്തിന്റെ നൂലാമാലകള്‍  കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നതിനെപ്പറ്റി.. പീഡിപ്പിക്കാന്‍ മുട്ടുന്നവര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ തുറന്നു പ്രവര്തിപ്പിക്കെണ്ടതിന്റെ അനിവാര്യതയെപ്പറ്റി.. തന്മൂലം സര്‍ക്കാരിന് ലഭ്യമായേക്കാവുന്ന കോടികളുടെ ലാഭക്കണക്കിനെപ്പറ്റി..   അങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നു.. നടന്നുകൊണ്ടേയിരിക്കുന്നു.
      മറ്റൊരു വശത്ത്, പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ തങ്ങളുടെ സ്ഥിരം കലാ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ക്കാവശ്യം താല്‍കാലികമായ രാഷ്ട്രീയനേട്ടങ്ങളും തെറിക്കുന്ന കുറെ കസേരകളുമാണ്. ഒരു പറ്റം കാമാസക്തരായ മനോരോഗികള്‍ ആ  പെണ്‍കുട്ടിയെ പിച്ചിചീന്തിയത്  രാജ്യം ഭരിക്കുന്ന മന്മോഹന്സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും പിടിപ്പുകേടാണ് എന്ന് പറയുന്നവരുടെ തലയില്‍ വര്‍ക്ക്‌ ചെയ്യുന്നത് ഇന്റലിന്റെ ഐ സെവെന്‍ പ്രോസസ്സര്‍ തന്നെയാണ് എന്നതിന് യാതൊരു സംശയവും വേണ്ട.
      പൊതു സമൂഹത്തിന്റെ എല്ലാ വികാരങ്ങളെയും പുച്ഛത്തോടെ കാണുന്ന എലൈറ്റ്‌ ക്ലാസ്സ്‌  ജീവികളും വാചക മേളയില്‍  ഒട്ടും പിന്നില്‍ അല്ല. ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത്  മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന  ചെപ്പടി വിദ്യ ഇന്ന്  പോപുലര്‍ ആയി വരുന്നു. മീനച്ചിലാറില്‍ മുങ്ങാംകുഴിയിട്ടു  പഠിച്ച താറാവുകളെ ആരും ഒഴുക്കിനെതിരെ നീന്താന്‍ ക്രാഷ് കോഴ്സ്‌ കൊടുക്കേണ്ടതില്ല.  അവര്‍ക്കറിയെണ്ടത് ഇതാണോ ഉത്തരാധുനിക  ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ബലാത്സംഗം എന്നാണ്. മാത്രമല്ല, ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്നയും ഉന്നതകുലജാതയും ആയതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രതിഷേധങ്ങള്‍ ഒക്കെ ഉയരുന്നത് പോലും!!. കീഴ്ജാതിക്കാരിയോ ദരിദ്രയോ ആയിരുന്നു എങ്കില്‍ ഈ പ്രതിഷേധങ്ങള്‍ ഒന്നും  സംഭവിക്കില്ല പോലും (ഇനി മുതല്‍ പ്രതിഷേധങ്ങള്‍ക്കും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്ന് സാരം. ക്രീമി ലെയറിനെ വേണമെങ്കില്‍ ഒഴിവാക്കാം).  ഇനിയും മറ്റു ചില മാധ്യമങ്ങളുടെ വിഷലിപ്തമായ സൃഷ്ടികള്‍ വായിച്ചാല്‍ തോന്നുക ഇന്ത്യന്‍ ആര്‍മി എന്നത് മാനഭംഗ വീരന്മാരുടെ കൂട്ടമാണ് എന്നും, ഇവര്‍ മൂലം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വഴി നടന്നുകൂടാ എന്നൊക്കെയാണ്. ആദ്യം കഴുവില്‍ ഏറ്റെണ്ടത് ഈ ജവാന്മാരെ ആണെന്നും ഇവരുടെ ഭീകര കൃത്യങ്ങള്‍ക്ക് മുന്നില്‍ ടെല്ലിയിലെ കുറ്റവാളികള്‍ ചെയ്തത് ഒന്നുമല്ല എന്നും ഇവര്‍ പറയുന്നു. ഏറ്റവും കൌതുകകരം ആയ വസ്തുത ഇതേ മാധ്യമ സിങ്കങ്ങള്‍ തന്നെയാണ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌  പാക്കിസ്ഥാനില്‍ മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ച സംഭവം  ആഗോള വിഷയം ആയതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതും. 
'ഡല്‍ഹിയിലെ പുരുഷന്മാര്‍ എല്ലാവരും പെണ്ണുപിടിയന്മാര്‍' ആണ്  എന്ന് പറയുന്നത് പോലെ പരിഹാസ്യമാണ് ഇന്ത്യന്‍ ആര്‍മിയെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള  ടിയാന്മാരുടെ വാദവും. ഇവരുടെ അടുപ്പുകളില്‍ വെന്തുകൊണ്ടിരിക്കുന്നത് ആരുടെ പരിപ്പ് ആണ് എന്നത് സാമാന്യ ബോധം ഉള്ളവര്‍ക്ക്‌ മനസിലാക്കാവുന്നതെ ഉള്ളൂ.  എന്തായാലും, ഏതൊക്കെ പാത്രങ്ങള്‍ തിളച്ചു തൂവും, ഏതൊക്കെ പാത്രങ്ങള്‍  പൂച്ച തട്ടിമറിക്കും എന്നത്  കാലം തെളിയിക്കേണ്ടിയിരിക്കുന്നു...   

'ആര്‍ക്കുനേരെ' എന്ന് തീര്ച്ചയില്ലാത്ത പ്രതിഷേധങ്ങള്‍ അതിന്റെ പരിസമാപ്തിയിലെയ്ക്ക് നീങ്ങിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം ബാക്കിയാവുകയാണ്..   
"അവരെ  തൂക്കിലേറ്റുവിന്‍.. " എന്ന് ഉയരുന്ന ആരവങ്ങളോടോപ്പം എന്റെ സ്വരം ഉയരാതതെന്തേ.. തൊണ്ടയില്‍  തടയുന്ന ശബ്ദ ശകലങ്ങള്‍.. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് ഒരു സ്വരം മുഴങ്ങിക്കേള്‍ക്കുന്നു..  "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ.."  
 അപരനിലെയ്ക്ക് ഒരു വിരല്‍ നീട്ടുമ്പോള്‍ എന്നിലേയ്ക്ക് തിരിയുന്ന നാല് വിരലുകള്‍ ഞാന്‍ തിരിച്ചറിയുന്നു.  സമൂഹത്തിനു മുന്നില്‍ സത്ഗുണസമ്പന്നനും ഹരിശ്ചന്ദ്രനും ആയി  ചമയുന്ന എന്നിലെ സോഷ്യല്‍മീഡിയ ജീവി കയ്യിലെ കല്ലുകള്‍ താഴെയിട്ട്  തല താഴ്ത്തി പിന്തിരിഞ്ഞു  നടക്കുകയാണ്..        

   സച്ചിതാനന്ദന്റെ വരികള്‍ അറിയാതെ മനസ്സില്‍ ഓടിയെത്തുന്നു..

                                     'ആറാം ദിവസമാണ് ദൈവത്തിന് 
                                          കയ്യബദ്ധം പിണഞ്ഞത്
                                        പ്രണയമില്ലാതെ പ്രാപിക്കുകയും
                                      വിനയമില്ലാതെ പ്രാർത്ഥിക്കുകയും
                                      തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
                                         മൃഗത്തെ സൃഷ്ടിച്ച ആ ദിവസം'         
             

Saturday, December 22, 2012

സദ്‌ വാര്‍ത്തയുടെ ദേവദൂതര്‍..


            "...ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു...  "               (ലൂക്കാ 2:10)

  വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നണയുകയാണ്.. മഞ്ഞില്‍ കുളിച്ച ഡിസംബറും കരോള്‍ ഗാനങ്ങളുടെ ഈരടികളും കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന നക്ഷത്ര വിളക്കുകളും  എല്ലാം ദൈവപുത്രന്റെ പിറവിയുടെ മധുര സ്മരണകള്‍ വിളിച്ചോതുന്നു..  "ഞങ്ങളുടെ കാലത്തെ ക്രിസ്തുമസ് ആയിരുന്നു ക്രിസ്തുമസ്.. ഇപ്പൊളൊക്കെ  എന്തോന്ന് ക്രിസ്തുമസ്!!' എന്ന ഡയലോഗ് അടിക്കാന്‍ മാത്രം പ്രായം ആയിട്ടില്ല എനിക്ക്.  കഷ്ടിച്ച്  24 വര്‍ഷങ്ങള്‍ മാത്രമേ ഇതുവരെ ജീവിത വല്ലരിയില്‍ നിന്നും ഉണങ്ങിക്കൊഴിഞ്ഞു പോയിട്ടുള്ളൂ. എങ്കിലും  ഞാന്‍ ആദ്യമായി സാക്ഷ്യം വഹിച്ച 1988ലെ  ക്രിസ്തുമസില്‍ നിന്നും (ഓര്‍മ്മ ഇല്ലേലും.. ചുമ്മാ പറയാല്ലോ!!)   ഈ 2012ലെ ക്രിസ്തുമസ് വരെ എത്തിനില്‍ക്കുമ്പോള്‍ ഒന്ന് മാത്രം അറിയാന്‍ സാധിക്കുന്നു..   എന്തൊക്കെയോ എനിക്ക് മിസ്സ്‌ ചെയ്യുന്നു.. അന്നത്തെ ക്രിസ്തുമസ് കാലങ്ങളില്‍ മനസ്സില്‍ നിറഞ്ഞിരുന്ന ഉല്ലാസവും സന്തോഷവുമൊക്കെ ഇന്ന് എവിടെയോ കൈമോശം വന്നപോലെ.. 
എന്തോ.. അന്നത്തെ നിഷ്കളങ്കതയും സന്മനസുമൊക്കെ കളഞ്ഞുപോയതാകാം ഈ വശപ്പിശകിനൊക്കെ കാരണം.. കാരണം സന്മനസ്‌ ഉള്ളവര്‍ക്ക്‌ മാത്രമാണല്ലോ സമാധാനം ഉറപ്പ്‌ തന്നിട്ടുള്ളത്.. 


        എന്തിനെയും കണ്ണുകളില്‍ നിറയെ അത്ഭുതത്തോടെയും  ആകാംക്ഷയോടെയും  മാത്രം നോക്കിക്കണ്ടിരുന്ന ഒരു പിഞ്ചു പൈതലില്‍  നിന്നും ഞാന്‍ ഇന്ന് കുറെ  ദൂരം പിന്നിട്ടിരിക്കുന്നു. കാപട്യവും വഞ്ചനയും മാത്സര്യവും നിറഞ്ഞ ലോകത്തില്‍, അതിന്റെ ഏറ്റവും ആക്ടീവായ ഒരു സിസ്റം പ്രോസ്സസ് മാത്രമായിരിക്കുന്നു ഇന്ന് ഞാന്‍. കൂടെ ഓടുന്നവനെ ടാക്കിള്‍ ചെയ്ത് വീഴ്ത്തി കൂടുതല്‍ വേഗത്തിലെയ്ക്കും കൂടുതല്‍ ഉയരത്തിലെയ്ക്കും കുതിയ്ക്കുമ്പോള്‍ കോര്‍പറേറ്റ്‌ ലോകത്തിന്റെ ആര്‍പ്പുവിളികള്‍ എനിയ്ക്ക്‌ കേള്‍ക്കാം.. "..ഇതാണ് ശരിയായ വഴി.. ധൈര്യമായി ഓടുക.. കൂടുതല്‍ നാഴികക്കല്ലുകള്‍ പിന്നിടുക.." 
  അപ്പോഴും പച്ച കെടാതെ മനസ്സിന്റെ അടിത്തട്ടുകളില്‍ എങ്ങോ പൂണ്ടു കിടക്കുന്ന കുറെ നല്ല ഓര്‍മ്മകള്‍  മന:സാക്ഷിയെ  കുത്തിനോവിക്കുന്നുണ്ടാവും.. അസ്വസ്ഥമാകുന്ന സായഹ്ന്നങ്ങളില്‍ സാന്ത്വനം തേടി വേദപുസ്തകം തുറക്കുമ്പോള്‍ ബെതലഹെമിലെ ആ  മാലാഖമാരുടെ ദേവ സംഗീതം കേള്‍ക്കാം...  
         "..അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.. ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്ക്‌ സമാധാനം.." 
    സമാധാനം അഷുര്‍  ചെയ്യപ്പെട്ടിരിക്കുന്ന ആ സന്മനസ്സുള്ളവരുടെ കൂട്ടത്തില്‍ നിന്നും ഞാന്‍ പുറം തിരിഞ്ഞോടിയത്  എന്നാണ്?..     
      സമാധാനം തരുന്ന വാര്‍ത്തകള്‍ ഒന്നുമല്ല നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. റാമയിലെ വിലാപങ്ങള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.  ഇന്നും ഒട്ടേറെ റെയ്ച്ചലുമാര്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത്‌ കരയുന്നു.. ചുട്ടുകൊല്ലപ്പെട്ട പിഞ്ചു കുരുന്നുകളെ ഓര്‍ത്ത്‌.. നഗരമധ്യത്തില്‍ ചെന്നായ്ക്കളാല്‍ കടിച്ചു കീറപ്പെടുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌.. ലഹരിക്കടിമപ്പെട്ടു ജീവിതം തുലയ്ക്കുന്ന യുവത്വത്തെ ഓര്‍ത്ത്‌.. ഇവിടെയൊക്കെ നാം വല്ലാതെ അസ്വസ്തരാകുന്നു.. അല്ലെങ്കില്‍ അസ്വസ്തരാകുന്നതുപോലെ  അഭിനയിക്കുന്നു. ഹേറോദേസ്-മാരുടെ രക്തത്തിനായി നാം അലറിവിളിക്കുന്നു. ഫേസ്ബുക്കില്‍  പോസ്റ്റ്‌ ഇടുന്നു, ട്വീട്ടുന്നു, നിരത്തുകളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തുന്നു.  പ്രഹസ്വനങ്ങളായി തീരുന്ന ഇത്തരം പൊറാട്ട് നാടകങ്ങള്‍ക്കപ്പുറം നമ്മില്‍ എത്ര പേര്‍ ഈ അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാന്‍ മുന്നോട്ടിറങ്ങുന്നുണ്ട് ?
         മാനം മുട്ടുന്ന ദൈവാലയ ഗോപുരങ്ങള്‍ക്കും രണ്ടു ലക്ഷം രൂപയുടെ പുല്‍ക്കൂടുകള്‍ക്കും ഇരുനൂറടി നീളമുള്ള നക്ഷത്ര ഭീമന്മാര്‍ക്കുമപ്പുറത്ത്‌, പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന ഒരു സമൂഹം ആളുകള്‍ ഒട്ടേറെ വേദനകളും ആകുലതകളുമായി കഴിയുന്നുണ്ട്.  ഒരു പക്ഷെ തീപുകയാത്ത അടുപ്പുകളെ ഓര്ത്താകാം അവരുടെ വേദന.. അല്ലെങ്കില്‍ തളര്‍ന്നു കിടക്കുന്ന പങ്കാളിയെ ഓര്‍ത്ത്‌.. അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്സ്‌-നു പഠിക്കുന്ന തങ്ങളുടെ മക്കളുടെ അടുത്ത ഗഡു ഫീസ്‌ കെട്ടുന്നതിനെയോര്ത്ത്.. അതുമല്ലെങ്കില്‍ കയറിക്കിടക്കാന്‍ ഒരു കൂര ഇല്ലാത്തതിനെ ഓര്‍ത്ത്‌..  'ഭയപ്പെടേണ്ട' എന്നോതി ഇന്നും അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ സത്-വാര്‍ത്തയുമായി ദേവദൂതന്മാര്‍ പറന്നിറങ്ങാറുമുണ്ട്.. സ്വര്‍ഗത്തില്‍ നിന്നല്ല-  ഈ  ഭൂമിയിലെ മാലാഖമാര്‍!!..  
           സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല നമ്മുടെ സമൂഹത്തില്‍.. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കുറെ ആളുകള്‍.. തനിക്ക് കിട്ടുന്ന അപ്പത്തില്‍ പാതി അപരനാണ് എന്ന് വിശ്വസിക്കുന്നവര്‍..    കാരണം, അവര്‍ക്കറിയാം 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ എന്ന് ദിവ്യനാഥന്‍ മൊഴിഞ്ഞതിന്റെ പൊരുള്‍.. അവര്‍ക്കറിയാം തങ്ങളുടെ ഗുരു പിറന്നുവീണത്  ഈച്ചയും കൊതുകുമാര്‍ക്കുന്ന ഒരു കാലിതൊഴുത്തില്‍ ആണെന്ന്.. അവര്‍ക്കറിയാം പറവകള്‍ക്കാകാശവും കുരുനരികള്‍ക്ക് മാളങ്ങളും ഉള്ള ഈ ഭൂമിയില്‍, അമരങ്ങളില്‍ അന്തിയുറങ്ങിയ ഭൂലോക നാഥനെ..    മുക്കുവരുറെയും ആട്ടിടയന്മാരുടെയും  ചങ്ങാതിയായ ആ നസ്രായന്‍ തച്ചനെ..
അവര്‍ക്കറിയാം രാജകൊട്ടാരങ്ങളില്‍   മിശിഹാ പിറക്കുന്നില്ല എന്ന ചരിത്ര സത്യം.. അതെ, സ്നേഹവും കരുണയും കാരുണ്യവും അത്ര കണ്ടു കൈമോശം വന്നിട്ടില്ല.. നാം കരുതുന്ന പോലെ..

         സ്വന്തം  ജീവിതത്തിലേയ്ക്ക്  അല്ഭുതതിന്റെയും  സന്തോഷത്തിന്റെയും സന്ദേശവുമായി പറന്നിറങ്ങുന്ന ഒരു സ്വര്‍ഗീയ ദൂതനായി കാത്തിരിക്കാതെ, നമുക്കും സദ്‌വാര്‍ത്തയുടെ മാലാഖമാര്‍ ആയിതീരാം.. സോദരുടെ-സഹജീവികളുടെ-ജീവിതങ്ങളില്‍ പ്രത്യാശയുടെ താരകങ്ങള്‍ തെളിക്കാം..   വിലപിക്കുന്ന റേച്ചല്‍-മാരുടെ കണ്ണീരൊപ്പാം..    
                  
        എന്തെന്നാല്‍, ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ആണല്ലോ..   

എല്ലാ പ്രിയ സ്നേഹിതര്‍ക്കും വായനക്കാര്‍ക്കും ഹൃദയപൂര്‍വമായ ക്രിസ്തുമസ് മംഗളങ്ങള്‍  നേരുന്നു..        
                       

Tweet, Share & Like