Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, November 12, 2012

പുരോഗതിയുടെ വാലില്‍ തീ പിടിച്ചോ?

             ഇനിയും വികസിച്ചു തീര്‍ന്നിട്ടില്ലാത്ത രാഷ്ട്രങ്ങളാണ് വികസ്വര രാഷ്ട്രങ്ങള്‍ എന്നും അത്തരത്തിലുള്ള ഒരു ഒരു വികസ്വര രാഷ്ട്രം ആണ് ഇന്ത്യ എന്നും അപ്പര്‍ പ്രൈമറി തലങ്ങളില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ചത് അല്പം വിഷമത്തോടെയാണ്. ഇന്ത്യയുടെ  ഈ വികസനത്തിന്റെ പൂര്‍ണത ഈ കൊല്ലം ഉണ്ടാകും, അടുത്തകൊല്ലം ഉണ്ടാകും എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍  ഓരോ വര്‍ഷവും സോഷ്യല്‍ സയന്‍സ് എക്സാം  എഴുതിതീരുമ്പോഴും മനസ്സില്‍ കമ്യുണിസ്റ്റ്‌ പച്ച പോലെ ആര്‍ത്തുകേറുമായിരുന്നു. വിശ്വാസവും പ്രത്യാശയും ഇല്ലാതെ എന്തൂട്ട് ജീവിതം!.  1.. 2... 3... വര്‍ഷങ്ങള്‍   ഓരോന്നായി പൊഴിഞ്ഞുകൊണ്ടിരുന്നു. ഒപ്പം ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും.. UP, ഹൈസ്കൂള്‍, പ്ലസ്‌ ടു, ഡിപ്ലോമ, ഡിഗ്രി.. ഇതെല്ലാം പിന്നിട്ടു അങ്ങനെ ഈ റിയാലിറ്റി ഷോ അതിന്റെ സീസണ്‍ 6ലേയ്ക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ യു.പി പിള്ളേരും 'ഇന്ത്യ വികസ്വര രാഷ്ട്രം' എന്ന് തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുക. 2012ല്‍ ഇന്ത്യ വികസിച്ച്  തീരും എന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു.  ഇനി,  ഭാവിയില്‍ എന്റെ മക്കളും ഇതുതന്നെ പഠിക്കേണ്ടി വരുമോ എന്നുള്ള ആശങ്ക ഒരല്പം ഇല്ലാതില്ല. 
     അതെന്തായാലും അതിവേഗം തന്നെ ഇന്ത്യയെ വികസിപ്പിച്ചെ അടങ്ങൂ എന്ന വാശിയില്‍ ആണ് യു.പി.എ സര്‍ക്കാര്‍ എന്നാണു തോന്നുന്നത്‌. "ഇപ്പൊ ശരിയാക്കിത്തരാം" എന്ന മട്ടില്‍ രണ്ടും കല്പ്പിച്ചാണ് മന്മോഹന്‍ജി മുന്നോട്ടു പോകുക. വിലക്കയറ്റം പുരോഗതിയുടെയും ജീവിതനിലവാരത്തിന്റെ കുതിച്ചുചാട്ടത്തിന്റെയും ലക്ഷണം ആണ് എന്നാണു ഇവിടുത്തെ ന്യൂജനറേഷന്‍ സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. ഡീസല്‍, പെട്രോള്‍ ,പാചക വാതകം, പാല്‍, പച്ചക്കറി, ബസ്‌ ഫെയര്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും  വിലനിലവാരം  ചൈനീസ്‌ വെടിക്കെട്ടിന്റെ സ്പെഷ്യല്‍ ഐറ്റം പോലെ പതിനെട്ടു നിലകള്‍ ആയി മാനത്ത്‌ വിരിഞ്ഞു ചിതറുമ്പോള്‍ വികസനത്തിന്റെ തേരിലേറി കുതിയ്ക്കുന്ന ഇന്ത്യയെപ്പറ്റിയോര്‍ത്ത്‌   സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, അടുത്ത അധ്യയന വര്ഷം ഇന്ത്യയുടെ പ്രൊഫൈല്‍ സ്ടാടസ്  'വികസ്വരം' എന്നതില്‍ നിന്നും 'വികസിതം'എന്നാക്കിമാറ്റി പാഠപുസ്തകങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതോര്‍ത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകാം.. എന്തോ എനിക്കറിയില്ല, എന്തായാലും ഒന്ന് മാത്രം കാണുകയും കേള്‍ക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു - എട്ടിന്റെ പണി നെഞ്ചത്ത് തന്നെ കിട്ടിയ പൊതുജനത്തിന്റെ വേദന. ഈ വേദന എത്ര നേതാക്കന്മാര്‍ക്ക്‌ മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നത് ഇനിയും എനിക്ക് മനസിലായിട്ടും ഇല്ല.
   

  മുന്‍കാലങ്ങളെ അപേക്ഷിച്ച്  ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും വേദനിക്കുന്ന കോടീശ്വരരുടെ സ്വിസ്സ് അക്കൌണ്ടുകളില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ലക്ഷം കോടികളുടെ നിക്ഷേപങ്ങളും എല്ലാം കൂടി മഹനീയമായ വികസനത്തിന്റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിതുറക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ക്ക് പോലും എന്തൊരു മാസ്മരികത.. എന്തൊരു മനോഹാരിത.. പത്തുകൊല്ലം മുന്‍പ്‌ ആരോപിക്കപ്പെട്ടിരുന്ന പത്തും  ഇരുപതും ലച്ചം ഉലുവയുടെ നിലവാരത്തില്‍ നിന്നും ലക്ഷം കോടിയിലെയ്ക്കും മില്ല്യന്‍ കോടിയിലെയ്ക്കും ഉയരാന്‍ കഴിയുന്നതിനെ പുരോഗതി എന്നോ വികസനം എന്നോ വിശേഷിപ്പിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ?.   ഗാന്ധിയുടെയും നെഹ്രുവിന്റെയും സ്വപ്നങ്ങളില്‍ മൊട്ടിട്ട  സോഷ്യലിസം ഇവിടെ പൂത്തുലയുകയാണ്. 'അമ്പ്‌ കൊള്ളാത്തവര്‍ ഇല്ല കുരുക്കളില്‍'  എന്ന് പറയുന്നതുപോലെ ഭരണ -പ്രതിപക്ഷ ഭേദം ഇല്ല അഴിമതി വീരന്മാരില്‍.  ഇവരെ പൊതിഞ്ഞു പിടിയ്ക്കാനും മഹത്ത്വീകരിക്കാനും അവര്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. 
            ഒരേ തൂവല്‍ പക്ഷികള്‍  ഒരേ തീരത്തിലെയ്ക്കും  ലക്ഷ്യങ്ങളിലെയ്ക്കും  പറന്നടുക്കുമ്പോള്‍  മുതലെടുപ്പിനു വേണ്ടിയല്ലാതെ പാവപ്പെട്ടവന് വേണ്ടിയും  പാര്ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടിയും ശബ്ദം ഉയര്‍ത്താന്‍ ഇന്ന് ഇവിടെ ആരുമില്ലാതായിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. കൊടി പിടിയ്കാനും അടി വാങ്ങിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു കുത്താനുമുള്ള പണിയാളുകള്‍ എന്നതിനപ്പുറം ഇവരെ കുറച്ചു സീരിയസ് ആയി കണക്കിലെടുക്കാന്‍ ഇവിടെ ഒരു ഹരിശ്ചന്ദ്രനും ഇല്ല എന്നത്  ഏറെ ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ.    
                           അടുത്തിടെ സൂരജ്‌ കുന്ടില്‍ നടന്ന കൊണ്ഗ്രസ്സിന്റെ 'സംവാദ്‌ ബൈടക് ' യോഗത്തില്‍ പ്രധാന വിഷയമായത് മേല്‍പ്പറഞ്ഞ സാധാരണകാരന്റെ നൊമ്പരങ്ങളോ പ്രയാസങ്ങളോ അല്ല, മറിച്ച്  എങ്ങനെ മുഖം മിനുക്കി, അടുത്ത ഇലക്ഷന് കളം പിടിച്ച് ഏതുവിധേന  ഇപ്പോഴത്തെ 'ഇന്ത്യയുടെ വികസനം' പൂര്‍ണ്ണമാക്കാം, ഇത്തരം  വികസനത്തിനെതിരെ വെട്ടിത്തിളയ്ക്കുന്ന സോഷ്യല്‍ മീടിയയെയും അവിടെക്കിടന്നു വിരകുന്ന മഹാപാപികളെയും പൊളിച്ചടുക്കാം എന്നതൊക്കെയാണ്. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ തിളച്ചു മറിയുന്നത്, അതിനു ഹേതുവാകുംവിധമുള്ള മോശമായ ഭരണമാണോ നിലവില്‍ തങ്ങള്‍ കാഴ്ച വെയ്ക്കുന്നത് എന്നിങ്ങനെ സ്വയംവിമര്‍ശകമായ  ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടാന്‍ കോണ്ഗ്രസ്സിന് താല്പര്യമോ സമയമോ ഇല്ല എന്നതു  തന്നെയാണ് വീണ്ടും വ്യക്തമാകുന്നത് . 
       വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ  ചിന്തകളും സ്വപ്നങ്ങളും ഒക്കെ വളരെ ഉയരങ്ങളിലാണ്.. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അതിവേഗ റയിലിനെക്കുറിച്ചും ചന്ദ്രനില്‍ പട്ടയം വാങ്ങുന്ന ഇന്ത്യയെപ്പറ്റിയും ഒക്കെ നാം വാചാലരാകുന്നു. മറുവശത്ത് ജനസംഖ്യടെ പകുതിയോടടുത്ത്‌ ജനങ്ങള്‍ പോഷകപൂര്‍ണ്ണമായ ഭക്ഷണം ലഭിക്കാതെയും തലചായ്ക്കാന്‍ പാര്‍പ്പിടമില്ലാതെയും വിദ്യയുടെ പൊന്‍വെളിച്ചമില്ലാതെയും സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നു. അവരും ഇന്ത്യക്കാരായ നമ്മുടെ സഹോദരര്‍ ആണ് എന്ന ചിന്ത എന്തെ നമുക്ക്‌ നഷ്ടമാകുന്നു? ഇവരുടെ ഹൃദയത്തില്‍ക്കൂടി വികസനത്തിന്റെ ബുള്‍ടോസര്‍ ഓടിച്ചുകയറ്റിയും അപ്പത്തിനായി നീളുന്ന കയ്യുകളില്‍ മൊബൈലുകളും  ടാബ്ലെറ്റുകളും വെച്ചുകൊടുത്തുമാണോ  നാം ഇവിടെ സമത്വ ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ച പൂര്‍ത്തീകരിക്കുക? 
   ഒന്നും വേണ്ട,  ഇത്തരത്തിലുള്ള മനുഷത്വത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും കല്‍വിളക്കുകള്‍ തെളിക്കേണ്ട മതനേതൃത്വങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ?..  ഒരു വിഭാഗം ആളുകള്‍ മതവിദ്വേഷം വളര്‍ത്തി തമ്മില്‍ തല്ലിക്കുന്നു. മറ്റൊരിടത്ത് ഒരു കൊമ്പറ്റീഷന്‍ ഐറ്റം പോലെ കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിതുയര്‍ത്തുകയും അവയുടെ അവകാശത്തെച്ചൊല്ലി പൊതുനിരത്തില്‍ കടിപിടികൂടുകയും മറുവശത്ത്‌ ആഡംബര ജീവിതം ഒഴിവാക്കണം എന്ന് അണികളെ ഉപദേശിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. വേറൊരു കൂട്ടം ആളുകള്‍ ആരൊക്കെയാണ് തങ്ങളുടെ മതാചാര്യനെപ്പറ്റി കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്, സിനിമ എടുക്കുന്നത്  എന്നിങ്ങനെയുള്ള വിവാദങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്നു. ഇതില്‍ നിന്നൊക്കെ സ്വസ്ഥത തേടി അലയുന്നവര്‍ക്കായി ആത്മീയത കുപ്പിയിലും പായ്ക്കറ്റിലും ആയി വില്പനയ്ക്കെത്തുന്നു. 
               ലോകം കണ്ടതില്‍ ഏറ്റവും  പരമദരിദ്രനായി പിറന്നുവീഴുകയും വഞ്ചിയുടെ അമരങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്ത,  കുരുനരികള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവും സ്വന്തമായുള്ള ഈ ഭൂമിയില്‍ അവസാനത്തെ ആറടിമണ്ണ് പോലും സ്വന്തമായി കരുതിവെയ്ക്കാതിരുന്ന,    "സമ്പന്നന്‍ ഒരുകാലത്തും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല" എന്ന് കട്ടായം പറയുകയും ദരിദ്രരുടെയും മുക്കുവരുടെയും ചുങ്കക്കാരുടെയും ഉറ്റസുഹൃത്തും പ്രത്യാശയും മാര്‍ഗ്ഗദീപവുമായിരുന്ന അതേ  ഗുരുനാഥന്റെ  ലേബലിലാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ്‌ സ്വത്തുകള്‍ കുമിഞ്ഞുകൂടുന്നത് എന്ന വിരോധാഭാസം എന്തായാലും ഒരു പുനര്‍വിചിന്തനത്തിനു തിരി കൊളുത്തേണ്ടതുണ്ട്. 

     വാലില്‍ തീപിടിച്ച പോലെ പുരോഗമനം അതിന്റെ ന്യൂജനറേഷന്‍ പാതകള്‍ താണ്ടി മുന്നോട്ടു കുതിയ്ക്കുമ്പോള്‍  പണമില്ലാത്തവന്‍ ഇവിടെ പിണം തന്നെയാണ് എന്ന സത്യം  ഒരല്പം നൊമ്പരത്തോടെ നാം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ്...             

  ഒരിക്കല്‍ ഫ്രാന്‍സിലെ ജനങ്ങള്‍ റൊട്ടി കിട്ടാനില്ലാതെ പട്ടിണി മൂലം പ്രക്ഷോഭം നയിച്ചപ്പോള്‍ "എന്തിനാണ് ഇവര്‍ റൊട്ടിയ്ക്ക് വേണ്ടി ബഹളം കൂട്ടുന്നത് ? റൊട്ടി കിട്ടുന്നില്ലെങ്കില്‍ പകരം ഇവര്‍ക്ക്‌  കേയ്ക്ക് കഴിച്ചുകൂടെ ?" എന്ന് അന്നത്തെ രാജ്ഞി ചോതിച്ചതായി കേട്ടിട്ടുണ്ട്. ഇതുപോലെ, ദന്തഗോപുരങ്ങളില്‍ വാഴുന്നത് കൊണ്ട് സാധാരണക്കാരന്റെ പ്രശ്നം പിടി കിട്ടാതതാണോ ഇപ്പോഴത്തെ ഭരണാധികാരികളുടെ പ്രശ്നം? അതോ പിടി കിട്ടുന്നില്ല എന്ന് നടിയ്ക്കുന്നതോ?..
                   

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...