Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, October 17, 2012

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്.. (ഭാര്യമാരുടെയും !!)

            ഇന്ത്യയിലെ മെയില്‍ ഷോവനിസ്റ്റ് കെട്ടിയോന്മാര്‍ക്ക് നെഞ്ചത്തലച്ച് കരയുവാനും  ഭാര്യമാര്‍ക്ക്‌ ആര്‍ത്തു വിളിക്കാനും അവസരം തീര്‍ത്തുകൊണ്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ്‌ പുത്തന്‍ നിയമം അണിയിച്ചൊരുക്കുന്നു. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ബില്‍ നിയമമായാല്‍ ഇന്ത്യ മഹാരാജ്യത്തിലെ സകല ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാര്‍ക്ക്‌ പ്രതിമാസം നിശ്ചിത തുക ശമ്പളമായി നല്‍കേണ്ടി വരും. എതുവകയില്‍ എന്നുചോതിച്ചാല്‍ വീട്ടില്‍ ചെയ്യുന്ന സേവനങ്ങളുടെ പ്രതിഫലമായി!!..  കൃത്യമായി പറഞ്ഞാല്‍   കണവന്റെ ശമ്പളത്തിന്റെ 20 ശതമാനം  തുക അതാത് മാസങ്ങളില്‍ ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണം എന്ന് സാരം !!. ടി ശമ്പളത്തില്‍ അണ - പൈ കുറവുണ്ടായാല്‍ കെട്ടിയോനെ കോടതി കയറ്റാനും  വേണച്ചാല്‍ ഉണ്ട തീറ്റിക്കാനും ഭാര്യമാര്‍ക്ക്‌  എല്ലാ വിധ അവകാശവും നല്‍കുന്നു ഈ നിയമം. വെറുതെ അല്ല ഭാര്യ !! മനസിലായില്ലേ ??..
 പ്രസ്തുത ബില്ലിനെ  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു..    ഇപ്പോള്‍തന്നെ ഭര്‍ത്താക്കന്മാരെ മുളക് പുരട്ടി വേവിക്കാന്‍ സ്ത്രീപീടനം, സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നിങ്ങനെ പലതരം പീഡനങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കെ, 'മുളകിന് കൂടെ അല്‍പ്പം മസാല കൂടി'  എന്നതുപോലെ തൊഴില്‍ പീഡനം എന്നൊരു പുത്തന്‍ വകുപ്പ്‌ കൂടി  ഈ ചട്ടിയിലെയ്ക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു.     
 ഏതായാലും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരിക്കുന്ന പുരുഷ കേസരികള്‍ക്ക് ഒരു പുനര്‍വിചിന്തനത്തിന് ഇനിയും സമയം ബാക്കിയുണ്ട്. ഇതിനോടകം പെട്ടുപോയവര്‍ എല്ലാം ദൈവനിശ്ചയം എന്ന് കരുതി സമാധാനിക്കുക..  വരാനുള്ളത് എന്തായാലും വഴിയില്‍ തങ്ങില്ല.  പുത്തന്‍ ബില്ലിന്റെ ചുവട്പിടിച്ചു ഉയര്‍ന്നെക്കാവുന്ന അവകാശ ലംഘനങ്ങള്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ക്കും എത്രയെത്ര  സാധ്യതകള്‍..!!

* എല്ലാ ജോലികള്‍ക്കും നിശ്ചിത മണിക്കൂര്‍ ഷെഡ്യൂള്‍ ബാധകം ആണ്. 8 മണിക്കൂര്‍ ഡ്യൂട്ടി ആണ് നിലവില്‍ മിക്കവാറും എല്ലാ ജോലികള്‍ക്കും ഉള്ള ഷെഡ്യൂള്‍. അപ്പോള്‍ ഓവര്‍ ടൈം  ചെയ്യുന്ന ജോലികള്‍ക്ക്   ഭാര്യ എക്സ്ട്ര അലവന്‍സ് ചോതിച്ചാല്‍ മീശ പിരിച്ചിട്ടു കാര്യം ഇല്ല.

* മറ്റു ജോലികള്‍ക്ക് ഉള്ളത് പോലെ മാസം നിശ്ചിത ദിവസം ഓഫ്‌, നിശ്ചിത എണ്ണം കാഷ്യല്‍ ലീവ്  ഇതൊക്കെ    ഭാര്യമാര്‍ക്കും ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടോ??

*ഓണം, ക്രിസ്തുമസ്  തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ആഘോഷ ബത്ത, ബോണസ്‌ തുടങ്ങിയവയ്ക്ക് ന്യായമായും ഭാര്യമാര്‍ക്ക്‌ അവകാശം ഉന്നയിക്കാം.    


* എന്തിനെങ്കിലും ശമ്പളം വാങ്ങുന്നുണ്ട് എങ്കില്‍ അത് ഒരു തൊഴില്‍ ആയി അന്ഗീകരിക്കപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ എല്ലാ തൊഴില്‍ മേഘലകളിലും  എന്തിനു പാട്ട പെറുക്കുന്നവര്‍ക്ക് പോലും   ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന  കേരളത്തില്‍ എന്ത്കൊണ്ട് വീട്ടമ്മമാര്‍ക്കും യൂണിയന്‍ ഉണ്ടായിക്കൂട??..  

* എല്ലാ തൊഴിലാളികളും പണിമുടക്കും ഹര്‍ത്താലും ആഘോഷിക്കുമ്പോള്‍ അടുക്കള അടച്ചിട്ടു കൊണ്ട്  അഖില കേരള ഭാര്യാ  യൂണിയന്‍  ഒരു പണിമുടക്കിന് ആഹ്വാനംചെയ്തു കൂടാ എന്നില്ല!!

*പണിമുടക്കിന് പരിഹാരം കാണാതെ ഹോട്ടലില്‍ നിന്ന് ഫുഡും അടിച്ചു  ചുമ്മാ കണ്ണുമടച്ചു നടക്കാം എന്ന് കരുതുന്ന കെട്ടിയോന്മാര്‍  നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ടുള്ള ഘരാവോ , പിക്കറ്റിംഗ് എന്നീ സമരമുറകള്‍ പ്രതീക്ഷിക്കുക.     

* എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യൂണിയന്‍ ഉണ്ടാക്കുപോള്‍  ടി യൂണിയനുകള്‍ തമ്മില്‍ ഇടയ്ക്കിടെ  രാഷ്ട്രീയ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ?. അടിയും പിടിയും ഒന്നുമില്ലാതെ എന്തോന്ന് ട്രെഡ്‌ യൂണിയന്‍!!

*ഒരു ഓഫീസില്‍.. സോറി... വീട്ടില്‍ തന്നെ സേവനം അനുഷ്ടിച് മടുക്കുമ്പോള്‍ മറ്റേതു മേഖലയിലെന്നപോലെ  ഒരു ട്രാന്‍സ്ഫര്‍ ഇവിടെയും ആപ്ലിക്കബിള്‍ ആണോ !! :P 


         "ഭാര്യ -ഭര്‍തൃ ബന്ധം വിശുദ്ധം അല്ലെ , പവിത്രം അല്ലെ, അതിനെ സാമ്പത്തിക മാനങ്ങളില്‍ നോക്കിക്കാണണമോ എന്നുതുടങ്ങിയ സംശയം ഒക്കെ ഉള്ളവര്‍ ഇനി അതൊക്കെ  അങ്ങ് പള്ളീ പറഞ്ഞാല്‍ മതി" എന്ന അട്ടഹാസവുമായി  ഇന്നാട്ടിലെ വനിതാ വിമോചകര്‍ രക്ഷാ ദൌത്യവുമായി ഇറങ്ങിക്കഴിഞ്ഞു.  ഇനി കൊറേ കാലത്തേയ്ക്ക് ഇക്കൂട്ടര്‍ക്ക്‌ നല്ല സീസണ്‍ ആയിരിക്കും എന്ന് തോന്നുന്നു.
       സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളും എന്തിനു ബന്ധങ്ങള്‍ പോലും നോട്ടുകെട്ടുകളുടെ കനത്തില്‍ അളക്കപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിനെ പറ്റി അത്ഭുതത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഏതു വിധത്തിലാണ്‌ ഈ നിയമം ഇന്ത്യയിലെ അണുകുടുംബങ്ങളെ പരിപോഷിപ്പിക്കുക?; ഇപ്പോള്‍ തന്നെ കുടുംബക്കോടതികള്‍ ആവശ്യത്തിലധികം കേസുകളുമായി വിയര്‍പ്പുമുട്ടവേ, കുറെയധികം  കുടുംബങ്ങളില്‍  കൂടി കലഹത്തിന്റെ വിത്തുകളും വക്കീലന്മാര്‍ക്ക് കൈ നിറയെ കേസുകളും ഉണ്ടാക്കിക്കൊടുക്കാം എന്നതില്‍ കവിഞ്ഞ് ഏതു രീതിയില്‍ ഉള്ള വനിതാശാക്തീകരണം ആണ് വനിതാ -ശിശുക്ഷേമ വകുപ്പ്‌ ഉദേശിക്കുന്നത് എന്നിങ്ങനെയുള്ള  എളിയ ആകാംഷകള്‍  എനിക്കും ഇല്ലാതില്ല.     

       ഏതായാലും തല്‍ക്കാലം ആകാംഷകള്‍ പരണത്ത് വെച്ച് ഞാനും കാത്തിരിക്കുകയാണ് .. പുത്തന്‍ നിയമ- തൊഴില്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവിടം വരെ എത്തും എന്ന് കാണേണ്ടിയിരിക്കുന്നു.. പൂമുഖവാതിലുകളില്‍ ഇനിമുതല്‍ വിടരുന്നത് പൂന്തിങ്കളാണോ അതോ ഉപരോധങ്ങളാണോ  എന്നറിയണം.   എന്നിട്ട് വേണം ഒരു എമ്പ്ലോയര്‍ ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍!! :)
വാല്‍ക്കഷണം:
അങ്ങനെ ഇന്ത്യയിലെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണ്. ഇതേ വീക്ഷണകോണില്‍ നോക്കുമ്പോള്‍ പത്തുമാസം ചുമന്നതിനു ചുമട്ടു കൂലി-വാടകയിനത്തിലും,  പ്രസവിച്ചു വളര്‍ത്തിയതിനും പരിപാലിച്ചതിനുമായി കുടിശിക-സെക്യൂരിറ്റി ഇനങ്ങളിലും  തക്കതായ  പ്രതിഫലം ഇന്നാട്ടിലെ  അമ്മമാര്‍  ആവശ്യപ്പെട്ടാല്‍ തെറ്റ് പറയാന്‍ പറ്റുമോ ??     
 (ഞാനീ ഇക്കണോമിക്സും നിയമവും ഒന്നും പഠിച്ചിട്ടില്ലല്ലോ.. അതുകൊണ്ട് ശതമാനക്കണക്ക് പറയാന്‍ ഞാന്‍ ആളല്ല!!)  


  
       

Monday, October 1, 2012

റിസര്‍വ്ഡ് ഇന്ത്യ !!

      എണ്ണിയാലൊടുങ്ങാത്ത ജാതി - മത സമൂഹങ്ങളും നാനാ ഭാഷകള്‍ സംസാരിക്കുന്ന 28 സ്റ്റേറ്റുകളും ചേര്‍ന്ന ഒരു മഹത്തായ രാജ്യത്താണല്ലോ നാം ജീവിക്കുക. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും  ഏറെ ഉണ്ടെങ്കിലും അവയെയൊക്കെ കാറ്റില്‍ പറത്തി 'ഒരേ ഒരു ഇന്ത്യ , ഒരൊറ്റ ജനത ' എന്ന സുകൃത ജപവും ഉരുവിട്ടുകൊണ്ട് നാം എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ വേണം ജീവിക്കാന്‍' എന്നാണു  പ്രൈമറി സ്കൂള്‍ തലം മുതലേ ഞാനൊക്കെ പഠിച്ചു പോന്നിട്ടുള്ളത്.     
     എല്ലാവര്‍ക്കും തുല്യത ഓഫര്‍ ചെയ്യുന്നതാണ് നമ്മുടെ ഭരണ ഘടന; നിയമത്തിനും ഭരണ ഘടനയ്ക്കും മുന്നില്‍  ജാതിയില്ല, മതമില്ല, ലിംഗമില്ല മറിച്ച് ഒരു ഇന്ത്യന്‍ പൌരന്‍ മാത്രമേ ഉള്ളൂ എന്നൊക്കെ പരീക്ഷകളുടെ തലേന്ന് സോഷ്യല്‍ സ്റ്റഡീസിന്റെ പുസ്തകങ്ങളില്‍ വായിച്ചു അഫിമാന പുളകിതനായ ഓര്‍മ്മകള്‍ ഒക്കെ ഇന്നും പച്ചകെടാതെ മനസ്സില്‍ നില്‍ക്കുന്നുണ്ട്. 
     സ്കൂള്‍ തലങ്ങള്‍ വിട്ടു പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ബിരിയാണി ഹട്ടുകളില്‍  ഇര എടുക്കാനായി  അണപ്പല്ലും കൊമ്പല്ലും ഒക്കെ രാകി രാകി മൂര്‍ച്ച വരുത്തി ചെന്നിരുന്നപ്പോള്‍ ആണ് ആ സത്യം മനസിലായത്‌ - ഈ പന്തിയില്‍ രണ്ടുതരം വിളമ്പല്‍ ആണ് !!.. ആദ്യ പന്തിയില്‍ ഇരിക്കുന്നവര്‍ക്ക്  കാഷ് അടയ്ക്കണ്ട.. !!.. മാത്രമല്ല തീറ്റ എടുത്തു കഴിഞ്ഞു വയറിളക്കുന്ന ചെലവിലെയ്ക്ക് ഇങ്ങോട്ട് കിട്ടും പെടയ്ക്കുന്ന ഇന്ത്യന്‍ റുപീ..!!.. കൊള്ളാലോ വീഡിയോണ്‍....
   
 "..അതിപ്പോ കോയി ബിരിയാണി  ആയാലും ശരി , ബീഫ്‌ ആയാലും ശരി.. ആദ്യത്തെ പന്തിയില്‍ ഒള്ളവര്‍ കഴിച്ചിട്ട് ബാക്കി വല്ല പൊട്ടും പൊടിയും ഒണ്ടായാല്‍ അതും കഴിച്ച് ആശ തീര്‍ക്ക്.. മോനെ.."   
"അല്ല സാറേ, അപ്പൊ ഈ ആദ്യത്തെ പന്തീല് കേറിയാല്‍ അടിച്ച കോളാ.. അല്ലെ.. .ആദ്യം കേറാന്‍ എന്താ വഴി??.."

  ".. അതിനിപ്പോ എന്താ.. കേറാലോ..  അയിനു മുന്നേ ഒന്ന് ചോതിക്കട്ടെ.. മോന്റെ ജാതി ഏതാ??.. "
"ക്രിസ്ത്യന്‍.. റോമന്‍ കത്തോലിക്ക.."

"എന്നാ പിന്നെ ആ കത്തോലിക്കാ പരിപ്പ് വേഗം വാങ്ങിയേരെ,, നീയൊക്കെ വല്യ സമ്പന്ന-മുന്നോക്ക-സവര്‍ണ്ണ ജാതിയല്ലേ.. പതുക്കെ കേറിയാ മതി.."
"അതുപിന്നെ, സാറേ സമ്പന്നന്‍ ആകണം, മുന്നോക്കം ഓടണം എന്നൊക്കെ എനിക്കും ആഗ്രഹം ഉണ്ട്,.. ആഗ്രഹം മാത്രമേ ഉള്ളെ.. കഞ്ഞി കുടിച്ചു പോകുന്നത് എങ്ങനാന്നു കര്‍ത്താവിന് മാത്രം അറിയാം..  ആ  ഞാന്‍ എങ്ങനാ സമ്പന്നന്‍ ആകുന്നെ??.. തന്നെമല്ല ജാതി ചോതിക്കരുത്, പറയരുത് .. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നൊക്കെയാണല്ലോ സ്കൂളില്‍ പഠിപ്പിച്ചേ??.."

"മോനെ.. ചക്കരേ,  പാ വേറെ .. പാപ്പച്ചന്‍ വേറെ ... സ്കൂളില്‍ പോകുമ്പോ എല്ലാ പാഠവും പഠിക്കണ്ടെ.. SC, ST, OBC എന്നീ വിഭാഗങ്ങള്‍ക്ക്‌ സംവരണം ഉള്ള കാര്യമൊന്നും പഠിച്ചിട്ടില്ലേ..??"

"അത് .. സാറേ ആ ദിവസം ഞാന്‍ ആബ്‌സന്റ് ആയിരുന്നു..  വയറെളക്കം.. "

"എന്നാ കേട്ടോ.. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ ആണ് ഇവര്‍.. ഇവരെ മുന്നിലെത്തിക്കാനാണ് ഭരണഘടന സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.. "

"സാറേ.. സാമ്പത്തികമായി ഞാനും വീക്കാ.. അപ്പൊ എനിക്കും കിട്ടോവോ ബിരിയാണി ??.."

"ഇപ്പൊ കിട്ടും.. നോക്കിയിരുന്നോ!!.. എടാ മുന്നോക്ക കെഴങ്ങാ.. ദളിതന്‍ എന്നും അസങ്ങടിതമായ സമൂഹമാണ്.. ഒരു കാലഘട്ടം മുഴുവന്‍ വേട്ടയാടപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തിട്ടുള്ള ഈ പാവപ്പെട്ട വിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കാനായി   ഭരണ ഘടന നല്‍കുന്ന അവകാശം ആണ് ഇത്..   ദളിതന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാനോ അവന്റെ പാത്രത്തില്‍ നോക്കി വെള്ളമിറക്കാണോ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല. നിന്നെപ്പോലുള്ള സവര്‍ണ്ണ-ജന്മി തമ്പ്രാക്കന്മാരുടെ ധൈഷനികതയേറിയ സാമ്രാജ്യത്ത  നയങ്ങളുടെ ഭാഗമായ വര്‍ണ്ണവിവേചനം, അപ്പാര്‍തീട് തുടങ്ങിയ ഹീനമായ അജണ്ടകള്‍ പഴംപായില്‍ പൊതിഞ്ഞു കുഴിച്ചുമൂടിയെരെ.."  

"എന്തോന്നോക്കെയാ സാറെ.. ഈ പറയുന്നേ.. ഒന്നും മനസിലാകുന്നില്ല.."

"..സോറി ഞാന്‍ അല്പം ഇമോഷണല്‍ ആയിപ്പോയി.. അത് പോട്ടെ..   ഇപ്പൊ ഇത്രയൊക്കെ മനസിലാക്കിയാ മതി..  കൂടുതല്‍ അറിയണോങ്കി പോയി  ചരിത്രം പഠിച്ചിട്ട് വാ.. ഇത്ര മാത്രം മനസിലാക്കുക.. എന്നും പാവപ്പെട്ടവന് പരവതാനി വിരിക്കുന്ന ഒരു ഭരണഘടന ആണ് നമുക്ക്‌ ഉള്ളത്.. എങ്കിലേ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നമുക്ക്‌ നികത്താന്‍ പറ്റൂ..  അതിനു വേണ്ടിയാണ് മഹനീയമായ ഈ സംവരണ സെറ്റ്‌ അപ്പ് .."

"സാറേ.. ദേ.. ആ മുന്നിലത്തെ റോയില്‍ ഇരുന്നു ബിരിയാണി അടിച്ചുകേറ്റി ഞെളിപിരി കൊള്ളുന്നവനെ കണ്ടോ.. ഞങ്ങടെ നാടിലെ വല്യ പുള്ളിയാ.. സ്വന്തമായി സ്വര്‍ണ്ണക്കട ഒക്കെ ഒള്ള ടീംസ് ആണ്.. ഇവനൊക്കെ ആണോ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നെ??.."

"പറഞ്ഞല്ലോ.. അധികം ചോദ്യം ഒന്നും വേണ്ട.. അവനു സ്വന്തമായി ജെവെല്ലറി ഉണ്ടായിരിക്കാം.. പക്ഷെ ഇപ്പോഴും അവന്‍ നിന്നെപ്പോലുള്ള സവര്‍ണ്ണ മേലാളന്‍മാരുടെ ഹുങ്കിനും അഹന്തയ്ക്കും അടിയില്‍ കിടന്നു വിയര്‍പ്പ്മുട്ടുകയാണ്... "

"എന്തുവാ സാറെ ഈ പറയുന്നേ.. അണ്ണാക്ക് വരെ ബിരിയാണി  വെട്ടിക്കേറ്റി ശ്വാസം വെലങ്ങീട്ടാ അവന്‍ ഇപ്പൊ  വീര്‍പ്പു മുട്ടുന്നെ.."                     

"ധിക്കാരി.. അധികപ്രസംഗം പറയുന്നോ.. ഭരണഘടനയെ വെല്ലുവിളിച്ച കുറ്റത്തിന് നിന്നെയൊക്കെ ഞാന്‍ അഴി എന്നിക്കും.. പുല്ലേ..#!%$#%$"

    ഇല്ല, ഒരു രക്ഷയുമില്ല. തല്‍ക്കാലം രണ്ടാം പന്തികൊണ്ട് തൃപ്തിപ്പെട്ടു.. കിട്ടിയ എല്ലിന്‍കഷണങ്ങള്‍ അമൃത് പോലെ ആസ്വദിച്ചു കഴിച്ചു. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ സത്യം ബോധ്യമായി.. ഈ ഹോട്ടലില്‍ മാത്രമല്ല ഇന്ത്യ രാജ്യത്തെ എല്ലാ ഹോട്ടലിലും ഇതുപോലെ രണ്ടു പന്തികള്‍ ആണ്... ' എന്ന കൊടുമയ് സാര്‍ ഇത് !!'


                   സ്വാതന്ത്യ ലബ്ധിക്ക്  ശേഷം 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാതി വ്യവസ്ഥയില്‍ ഊന്നിയ റിസര്‍വേഷന്‍ സിസ്റ്റം 'എന്നെപ്പോലുള്ള സവര്‍ണ്ണ മേലാളന്‍'മാരുടെ ഉറക്കം കെടുത്തുകയാണ്. ഒരു കാലഘട്ടത്തിന്റെ ശരി ആയിരുന്നു റിസര്‍വേഷന്‍ സിസ്റ്റം. ഇന്ത്യ മഹാരാജ്യത്ത്‌  ബ്രിട്ടീഷ് ഭരണ കാലത്തും അതിനു മുന്‍പും അത്യന്തം ഹീനമായ വര്‍ണ്ണ വിവേചനം നിലനിന്നിരുന്നു. അതിനാല്‍ തന്നെ  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരുകൂട്ടം സമൂഹത്തിനു ഒരു കൈത്താങ്ങു അക്കാലത്ത് ആവശ്യവുമാരുന്നു. പക്ഷെ, വര്‍ത്തമാന ഇന്ത്യ കാണുന്നത് ഇതേ  കൈത്താങ്ങ്‌ തന്നെ  സമ്പന്ന-സവര്‍ണ്ണ സമുദായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സ്വരം നഷ്ടമായ  ഒരു പറ്റം നിസ്സഹായ ജന്മങ്ങളുടെ കൊരവള്ളിയില്‍ വടയക്ഷിയുടെ കൈകള്‍ പോലെ പിടി മുറുക്കുന്നതാണ്..
        ശരിയായ പോഷണം ലഭിക്കാത്ത സാഹചര്യത്തില്‍ വൈറ്റമിന്‍ ഗുളികകള്‍ ആവശ്യമാണ്. എന്ന് കരുതി പുട്ടും കടലയും കഴിക്കുന്ന ലാഘവത്തില്‍  ജീവിതകാലം മുഴുവന്‍ ഈ ഗുളികകള്‍ കഴിക്കുന്നത് അപകടകരമായ അവസ്ഥയാകും ക്ഷണിച്ചു വരുത്തുക. ഇത് തന്നെയാണ് സംവരണത്തിന്റെ കാര്യത്തിലും ഇന്ന് സംഭവിക്കുന്നത്. ഇന്ന് സംവരണം നീക്കം ചെയ്യാന്‍ പാടില്ലാത്ത ഒരു അവകാശം ആയിത്തീര്‍ന്നിരിക്കുന്നു.. ജാതി-മത-ലിംഗ വ്യത്യാസത്തിന്റെ മാത്രം പേരില്‍ ഉള്ളവന്‍ വീണ്ടും വീണ്ടും തടിച്ചു കൊഴുക്കുകയും ഇല്ലാത്തവന്‍ ടിയാന്മാരുടെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷന്ങ്ങള്‍ക്കായി ഒരു നിശബ്ദമായ നിലവിളിയോടെ കാത്തിരിക്കുന്നതുമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രം ലക്‌ഷ്യം വെയ്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കുളം കലക്കി മീന്‍ പിടിക്കുകയും  സംവരണ വിരുദ്ധ മുന്നേറ്റങ്ങള്‍ പൊളിച്ചടുക്കുകയും ചെയ്യുന്നു..
    ഇന്നത്തെ ഇന്ത്യയില്‍ ജാതിയോ മതമോ ഒരു പിന്നോക്കവസ്തയ്ക്കുള്ള കാരണം അല്ല. സാമ്പത്തികമായ പ്രാരാബ്ധങ്ങള്‍ ആണ് ഒരു വ്യക്തിയെ മുന്നോട്ടുള്ള പ്രയാണത്തില്‍ തട്ടി വീഴ്ത്തുക. ഈ സത്യം എല്ലാവര്ക്കും അറിയാവുന്നതുമാണ്.  ഒരു ദളിത സമുദായക്കാരന്‍ ആയിരുന്ന  ശ്രീ. കെ.ആര്‍. നാരായണന്‍ ഇന്ത്യന്‍ പ്രസിടന്റ്റ്‌ ആയത് എന്തെങ്കിലും സംവരണത്തിന്റെ വാലില്‍ തൂങ്ങിയല്ല. അതുപോലെ തന്നെ ശ്രീ. APJ അബ്ദുല്‍ കലാമും.. ഇവര്‍ രണ്ടു പേരും വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങളില്‍ നിന്നാണ് പുരോഗതിയിലേയ്ക്ക് കുതിച്ചുയര്‍ന്നത്. ഈ കുതിപ്പില്‍ ഒരിടത്തും ഇവര്‍ക്ക്‌ ആര്‍ക്കെങ്കിലും അവരുടെ ജാതി ഒരു പ്രശ്നമായി മാറിയില്ല.  പ്രശ്നം തീര്‍ക്കുന്നത്  സാമ്പത്തികമായ ഇല്ലായ്മകളും വല്ലായ്മകളും മാത്രം.. 
   വസ്തുതകള്‍ ഇങ്ങനെയായിരിക്കെ,  പിന്നെ   എന്ത് കൊണ്ട് സാമ്പത്തിക  സംവരണം നിലവില്‍ വരുന്നില്ല എന്ന ചോദ്യം ഒരു അനാഥ പ്രേതത്തെ പോലെ ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും തീരങ്ങളില്‍ അലഞ്ഞു തിരിയുന്നു.. പുരോഗമന -വിപ്ലവാത്മക-പ്രസ്ഥാനങ്ങളും  മതേതരത്വത്തിന്റെ മൊത്ത വ്യാപാരികളും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൌനം  അര്‍ത്ഥഗര്‍ഭമായി തന്നെ തുടരുന്നു..


     ഇപ്പോള്‍ സംവരണത്തിന്റെ ഇക്വറ്റോറിയല്‍ മാനങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. പ്രൈവറ്റ്‌ സെക്ടറിലെ ജോലികള്‍ക്കും സംവരണം വേണം എന്നുള്ള ആവശ്യങ്ങള്‍ പോലും ഉയര്‍ന്നു കേള്‍കുന്നു.സംവരണ ശതമാനം ഇനിയും കൂട്ടി 60 ശതമാനം ആക്കണം എന്നുള്ള ആവശ്യം വേറെയും!!.. ജോലികള്‍ക്കുള്ള സംവരണം അവിടെ നിന്നും ഒരു പടി കൂടി കടന്ന് പ്രമോഷനുകള്‍ക്ക് കൂടി ബാധകമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.  ഇതില്‍ ആശ്ചര്യത്തിന് വകയുണ്ട് എന്ന് തോന്നുന്നില്ല. അര്‍ഹരായവരെ ബൈപാസ്‌ ചെയ്തു നേടിയെടുത്ത സ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് അടുത്ത മേഘലയിലെയ്ക്ക് ഉയരണം എങ്കില്‍ തീര്‍ച്ചയായും മറ്റൊരു ബൈപാസ്‌ അനിവാര്യം ആണ്. അപ്പോള്‍ സ്വാഭാവികമായും  അവിടെയും ജാതി ഒരു മാനദണ്ഡം ആയെ തീരൂ!!  

വാല്‍ക്കഷണം :-

         പെട്ടി ഓട്ടോകളില്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകളില്‍ വരെ 60 ശതമാനം സീറ്റുകള്‍ ജാതിവ്യവസ്ഥ  അടിസ്ഥാനമാക്കി റിസര്‍വ്‌ ചെയ്ത് ,  ബാക്കി വരുന്ന 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കുകയും,  രാജ്യത്തിന് തന്നെ ഭാരമായിത്തീരുന്ന ജനറല്‍/മുന്നോക്ക/സവര്‍ണ്ണ/പുരുഷ മൈ$%$മാരെ വല്ല ഉഗാണ്ടയിലെയ്ക്കോ പാക്കിസ്ഥാനിലെയ്ക്കോ അതുമല്ലെങ്കില്‍ ചൊവ്വയിലെയ്ക്കോ  കയറ്റി അയയ്ക്കുകയും ചെയ്യുമ്പോള്‍ സമത്വത്തിന്റെയും  വികസനത്തിന്റെയും  വെണ്‍കൊറ്റ കുടകള്‍ രാജ്യമെങ്ങും വിടരുകയും  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ചിറകടിയ്ക്കുകയും ചെയ്യും !!          
                
               
                 
                                    

Tweet, Share & Like