Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, September 29, 2012

മഹനീയം.. ഈ മാതൃത്വം..

               മാതൃത്വത്തിന്റെ മഹത്വത്തെ പറ്റിയും  പാല്‍ ചുരത്തുന്ന പയോധരങ്ങളെ പറ്റിയുമൊക്കെ വാഴ്ത്താത്ത കവികളില്ല.. വര്‍ണ്ണിക്കാത്ത എഴുത്തുകാരുമില്ല. ഏതു പുരാണം എടുത്ത്‌ പരിശോധിച്ചു നോക്കിയാലും ഏതു ഇതിഹാസങ്ങള്‍ പരതിയാലും അവിടെയെല്ലാം ജ്വലിച് നില്‍ക്കുവാന്‍ തക്കവിധം  അമ്മിഞ്ഞപ്പാലിന്റെ മണമുള്ള ഏടുകള്‍ കാണാം.. ഇനി,  ഇവരാരും പറഞ്ഞു തരാതെ തന്നെ മാതൃത്വത്തിന്റെ മാധുര്യത്തെ പറ്റി 'തള്ളയ്ക്ക് പിറന്ന' എല്ലാവര്‍ക്കും അറിയാവുന്നതാണ്.  
     ഉണ്ണിക്കണ്ണന്റെയും യശോദയുടെയും വാല്സല്യവും കുസൃതിയും തുളുമ്പുന്ന ചിത്രങ്ങള്‍ കാണാത്തവര്‍ നമ്മളില്‍ ആരുണ്ട് !!..  
    "നിന്നെ പ്രസവിച്ച ഉദരവും പാലൂട്ടിയ മുലകളും ഭാഗ്യം ചെയ്തവ!!.."  ക്രിസ്തു നാഥന്റെ അമ്മയെ പറ്റി ജനക്കൂട്ടത്തിലെഏതോ ഒരു സ്ത്രീ വിളിച്ചു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ..
' മുസ്ലിംസിനെ പറ്റി ഒരക്ഷരം മിണ്ടരുത് ' എന്ന്  നിലവില്‍ ഓര്‍ഡര്‍ ഉള്ളതിനാലും  നാളെയും ഈ ബ്ലോഗില്‍ പോസ്റ്റ്‌ ഇടാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാലും ഇസ്ലാം മതത്തിലെ മാതൃത്വ സങ്കല്‍പ്പത്തെ പറ്റി പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല.. സാമുദായിക സംതുലനം ടാലി ആകാത്തതില്‍ വിഷമിക്കുന്നവര്‍ തല്‍ക്കാലം ക്ഷമിക്കുക.    
 
     അങ്ങനെ ചരിത്രത്തിന്റെ കീറിപ്പറിഞ്ഞ  ഓള്‍ഡ്‌ ജനറേഷന്‍ ഏടുകള്‍ മുഴുവന്‍ പെറ്റമ്മയുടെ താരാട്ട് പാട്ടുകളുടെ ഈരടികളാല്‍ മുഖരിതമാവുമ്പോള്‍ ഈ ഫേസ്ബുക്ക്‌ ജനരെഷനില്‍ മാതൃത്വത്തിന്റെ മഹാത്മ്യം വിളിച്ചോതാന്‍ ഒരുത്തിയും ഇല്ലല്ലോ എന്നോര്‍ത്ത്‌ നെടുവീര്‍പ്പുകള്‍ വീട്ടിരുന്നവര്ക്ക് ഇനി ആശ്വസിക്കാം.. നിങ്ങളുടെ ദുഖങ്ങളും ആശങ്കകളും എല്ലാം അബോര്‍ട്ട് ചെയ്തു ചവറ്റുകുട്ടയില്‍ എറിഞ്ഞെക്കുക.. ഇതുവരെ പെറ്റവരും ഇപ്പോള്‍ പെറുന്നവരും ഇനി പെറാനിരിക്കുന്നവരുമായ മലയാളി മങ്കകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി ഇനി ശ്വേതാ മേനോന്‍ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിനു ആശങ്കപ്പെടണം..!! എന്തിനു പരിഭ്രമിക്കണം!!..
         ഒരുകാലഘട്ടത്തില്‍ ഗര്‍ഭനിരോധനത്തിന്റെയും അതിനുള്ള മാര്‍ഗങ്ങളുടെയും  "ചൂടേറിയ"  അപ്പസ്തോലയായിരുന്ന ടി നായിക (അങ്ങനെയാണല്ലോ ടിയാള്‍ സുപ്രസിദ്ധയായതും)  ഇന്ന്  ഗര്‍ഭധാരണത്തെപ്പറ്റിയും അതിന്റെ മഹത്വത്തെപ്പറ്റിയും ഒക്കെ കേരളത്തിലെ സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയതിനെ കാലത്തിന്റെ മറ്റൊരു കാവ്യനീതി എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. എങ്ങനെയൊക്കെ വിശേഷിപ്പിചാലും ശ്വേതാമെനോനും ബ്ലസ്സിയും മലയാള സിനിമയുടെ അഭ്രപാളികളില്‍ പുത്തന്‍ചരിത്രം രചിക്കുകയാണ്.  സ്വന്തം ഗര്ഭകാലഘട്ടവും പ്രസവവും തല്‍സമയം ചിത്രീകരിച്ച് മലയാള സിനിമയില്‍ മറ്റൊരു ന്യൂ ജനറേഷന്‍ ട്വിസ്റ്റ്‌ സൃഷ്ടിച്ചിരിക്കുകയാണ് ശ്രീമതി ശ്വേത. ഇന്നിപ്പോള്‍ കേരള സര്‍ക്കാരിന്റെ ഗര്‍ഭിണികള്ക്കായുള്ള പരസ്യങ്ങളില്‍ പോലും ശ്വേത ആണ് താരം..
(അരി ഇടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'ദാ വന്നു ,ദേ പോയി എന്ന മട്ടില്‍ കൂള്‍ കൂളായി കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്ന ചരിത്രം വിളംബിക്കൊണ്ടിരിക്കുന്ന അമ്മച്ചിമാര്‍ ക്ഷമിക്കുക.. അതൊന്നും ഒരു സംഭവമേ അല്ല, ഇതാണ് ലോകാത്ഭുതം..) 

 പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നത് ഇങ്ങനെ..                     
    ‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- 
        "അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം... ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേത്..   അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞത്.."




         ഭാരതീയ  സ്ത്രീത്വത്തിന്റെ നവോദ്ധാനത്ത്തിനും ശാക്തീകരണത്തിനും   സര്‍വ്വോപരി മലയാളസിനിമയോടുള്ള പറിച്ചുമാറ്റാനാകാത്ത   പൊക്കിള്‍ക്കൊടിബന്ധത്തിന്റെ  അന്യൂനമായ പുഷ്ടിപ്പിനുമായി സ്വന്തം ജീവിതം പോലും കാമറയ്ക്ക് മുന്നില്‍ തുറന്നു വെയ്ക്കാന്‍ തയ്യാറായ ഈ മഹാ നടിയ്ക്ക്  ഭാരത രത്നമോ കുറഞ്ഞത് പത്മവിഭൂഷന്‍ എന്കിലുമോ കൊടുക്കണം എന്നതാണ് ഈയുള്ളവന്‍റെ അഭിപ്രായം.. (പട്ടാള വേഷത്തില്‍ അഭിനയിച്ച ലാലിന് ലഫ്‌.കേണല്‍ പദവി കൊടുത്തില്ലേ ..  അപ്പൊ ഇവിടെ ജീവിച്ചഭിനയിച്ച  ശ്വേതയ്ക്ക് ഇതില്‍ കുറഞ്ഞ ഒരു അവാര്‍ഡ്‌ ഉണ്ടോ)    പ്രത്യേകിച്ച് ഐശ്വര്യ ബച്ചന്റെ പ്രസവ കാലഘട്ടം ഓര്‍മയുള്ള മീടിയാക്കാരന്‍ എങ്കിലും ഈ വാദത്തെ അനുകൂലിക്കുമെന്ന് തോന്നുന്നു..  മുന്‍ വിശ്വ സുന്ദരിയുടെ കുളി തെറ്റിയ ദിവസം മുതല്‍ തിരു വയര്‍ ഒഴിയലിന്റെ മഹനീയ നിമിഷങ്ങള്‍ വരെ എന്തോരം ഓ ബി വാനുകള്‍ ആണ്  ബച്ചന്‍ കുടുംബത്തിനു പിന്നാലെ കൂടിയത്. എന്നിട്ട് അതിനൊക്കെ പുല്ലു വില കൊടുത്തോ ബച്ചനും കൂട്ടരും.. മാധ്യമങ്ങള്‍ സ്വൈരം തരണം എന്നാണു അന്ന് ബിഗ്‌ ബി ട്വീട്ടിയത്. ഇതൊന്നും പോരാഞ്ഞ് ഒടുക്കം  ബച്ചിയുടെ ഒരു സ്റ്റില്‍ പോലും മീഡിയയില്‍  കൊടുത്തില്ല..  സ്വകാര്യത വേണം പോലും .. സ്വകാര്യത..  അഹങ്കാരികള്‍ !!..  ബച്ചനും കൊച്ചനുമൊക്കെ ഞങ്ങടെ ശ്വേതയെ കണ്ടു പഠിക്കട്ടെ!!      

   സുതാര്യതയില്‍ തന്നെ കവച്ചുവയ്ക്കുന്ന ഒരു കൊപ്പനും  ഈ ഭൂലോകത്ത് രണ്ടു കാലില്‍ നടക്കുന്നില്ല എന്നും പറഞ്ഞു വിജ്രുംഭിച്ചിരുന്ന ബഹു.സി.എം ഉമ്മന്‍ചാണ്ടി, ഈ വാര്‍ത്ത കേട്ടതിനു ശേഷം  കൃത്യം രണ്ടു മണിക്കൂര്‍ മുപ്പതു മിനുട്ടുകള്‍ എടുത്തുവെത്രെ ഞെട്ടലില്‍ നിന്നും മുക്തി നേടാന്‍!!..

        ഇതുപോലൊരു മഹാ നടിയെ കേരളക്കരയ്ക്ക് ലഭിക്കാന്‍ മാത്രം പുണ്യം നമ്മളൊക്കെ ചെയ്തിട്ടുണ്ടോ.. മുഖ്യധാര മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന ഈ പുണ്യപ്രസവത്തിനു കൊടുക്കുന്നുണ്ടോ    എന്നത് നാം മനസിരുത്തി ചിന്തിക്കേണ്ടതാണ് .
      എക്കാലവും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ നവോധാനത്തിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച ശ്വേത മേനോന്‍ ഒരിക്കല്‍ കൂടി    സ്വന്തം കഥാ പാത്രങ്ങളെ കവച്ചു വെയ്യ്ക്കുന്ന വിധമാണു തന്റെ ബോള്‍ഡ്‌നെസ്  എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.  പുരുഷ കേന്ദ്രീകൃതമായ  ലോകത്ത്‌ ഇത്തരം ധീരമായ ചുവടു വെയ്പ്പുകളിലൂടെ സ്ത്രീ ഒരു സംഭവം തന്നെയാണ് എന്ന്  ഇനിയും ഇനിയും തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയട്ടെ..  പുണ്യ പ്രസവത്തിലൂടെ മലയാള സിനിമ ലോകത്തെയും സര്‍വ്വോപരി വിശ്വ മാതൃത്വത്തെ തന്നെയും ധന്യമാക്കിയ അമ്മയ്ക്കും കുഞ്ഞിനും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍!!
 കണ്ടു വളരാനും അനുകരിക്കാനുമായി 'പാലോളി മാണിക്യം', 'രതിനിര്‍വേദം ', കയം എന്നീ ക്ലാസ്സിക്‌ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് പുറമേ  പുറമേ, സ്വന്തം പിറവിയുടെ  ക്ലോസ് അപ്പ്‌ മുഹൂര്‍ത്തങ്ങള്‍  കൂടി തന്റെ മകള്‍ക്കായി സമ്മാനിക്കുമ്പോള്‍ ആണ് ശ്വേതയിലെ അമ്മ വ്യത്യസ്തയായ ഒരു അമ്മയായി മാറുന്നതും..

    ഇങ്ങനെ, കേരളത്തിലെ ബ്ലഡി സദാചാരക്കാര്‍  സ്വകാര്യമായിരിക്കണം എന്ന് ശഠിക്കുന്ന നിമിഷങ്ങളും ദൃശ്യങ്ങളും തുറന്നു കാട്ടാനുള്ള ചങ്കൂറ്റം ഇനിയും ഇനിയും ധാരാളം വനിതാ സെലിബ്രിട്ടികള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. അപ്പോളാണ് സ്ത്രീ താത്വികമായും യാഥാര്‍ത്ഥ്യമായും സ്വതന്ത്രയാകുക..!! 





        

Monday, September 24, 2012

ഊര് വിലക്കികള്‍ ഓര്‍ക്കാതെ പോകുന്നത് ..

     മലയാള സിനിമയുടെ നടന തിലകം ഇനി ഒരു ഓര്‍മ്മ മാത്രമാവുകയാണ്.. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒട്ടേറെ അനശ്വര കഥാപാത്രങ്ങള്‍ ബാക്കിവെച് തിലകന്‍ എന്ന മഹാനടന്‍ യാത്രയാവുമ്പോള്‍ അഭിനയ തികവിന്റെയും ഭാവാത്മകതയുടെയും ഒരു യുഗം തന്നെ ഇവിടെ അവസാനിക്കുന്നു.. മലയാള സിനിമയുടെ പെരുന്തച്ചന്‍, തല കുനിക്കാത്ത നിഷേധി, മലയാളത്തിന്റെ മഹാനടന്‍..  അങ്ങനെ ഒരു പോസ്റ്റില്‍ ഒതുങ്ങാത്ത വിധമാണ്  അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ നീളുന്നത്.      

                 മുണ്ടക്കയത്ത്  ഒരു നാടകസമിതിയിലൂടെ ആയിരുന്നു  തിലകന്‍റെ അഭിനയ ലോകത്തേയ്ക്കുള്ള അരങ്ങേറ്റം.  കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളിലും തിലകന്‍ ഒരു കാലത്ത്‌ സജീവമായിരുന്നു. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ അഭ്ര പാളികളിലെ  അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.  യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂടെ  മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെ തെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.
          തറവാടിയായ കാരണവര്‍, മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ ശ്രമിക്കുന്ന, ശാട്യം ഏറെയുള്ള  അച്ചന്‍, വടയക്ഷികളെ കാഞ്ഞിര പലകയില്‍ തറച്ച് പോസ്റ്റര്‍ ആക്കുന്ന മന്ത്രവാദി, അങ്ങനെ ഇദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടേറെ..   തന്റെ മിക്ക കഥാ പാത്രങ്ങളുടെയും സ്ഥായി സ്വഭാവമായിരുന്ന ഒരു തരം നിഷേധാത്മക ഭാവം പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും അന്തര്‍ലീനമായിരുന്നു എന്ന് വേണം കരുതാന്‍.. അപ്രിയ സത്യങ്ങള്‍ പരസ്യമായി പറയാന്‍ പാടുള്ളതല്ല എന്ന കോര്‍പ്പറേറ്റ് തിയറി അദ്ദേഹത്തിന് ഒരു കാലത്തും സ്വീകാര്യമല്ലായിരുന്നു..  'നേരെ വാ.. നേരെ പോ ' എന്നുള്ള അദ്ദേഹത്തിന്റെ സ്വഭാവം അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല.
       ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം മാതാപിതാക്കളെ  സ്റ്റോര്‍ റൂമിലോ വീടിന്റെ പിന്നാമ്പുറത്തോ അതുമല്ലെങ്കില്‍ വല്ല ഓള്‍ഡ്‌ ഏജ്‌ ഹോമിലോ പുഴുവരിക്കാന്‍ വിടുകയും; മരിച്ചുകഴിയുമ്പോള്‍ ചന്ദനപ്പെട്ടി, പൊന്നിന്‍കുരിശ്, വാദ്യമേളം, ആര്‍ച്ച്‌ ബിഷപ്പിന്റെ അനുസ്മരണ പ്രസംഗം തുടങ്ങിയ കലാപരിപാടികളോടെ  അവാര്‍ഡ് ഇവന്ടിനെ വെല്ലുന്ന രീതിയില്‍ ശവ സംസ്കാരം നടത്തുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ സംസ്കാരം നമുക്കൊക്കെ ഏറെ പരിചിതമാണ്.  സമാനമായ ഒരുതരം കലാപരിപാടി മലയാള സിനിമാലോകവും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍കാഴ്ച്ച വെച്ചുകൊണ്ടിരിക്കുകയാണ്.
 
         

        സമീപ കാലഘട്ടത്തില്‍ മലയാള സിനിമ ലോകത്ത് അരങ്ങേറിയ 'ഊര് വിലക്കല്‍' നാടകങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയിട്ടുള്ള ആര്‍ക്കും തിലകനോടു ചലച്ചിത്ര ലോകം അര്‍ഹിക്കുന്ന നീതി പുലര്‍ത്തി എന്ന വാദത്തോട് യോജിക്കാനാവില്ല. മലയാളത്തിന്റെ മഹാ താരത്തെ ദീര്‍ഘകാലം മലയാള സിനിമയുടെ പടിപ്പുരയുടെ പുറത്ത് നിര്‍ത്തുകയും ഒരു വന്ദ്യ വയോധികന് കൊടുക്കേണ്ട പരിഗണന പോലും കൊടുക്കുകയും ചെയ്യാതിരുന്നവര്‍ക്ക് കാലത്തിന്റെ  കാവ്യനീതി എന്നത് എന്താണെന്ന് മനസിലാക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല. 

              സോഷ്യല്‍ മീഡിയക്കാര്‍ സന്തോഷ്‌ പണ്ടിട്ടിനെയും പ്രിഥ്വിരാജിനെയുമൊക്കെ എത്രത്തോളം നികൃഷ്ടജന്മങ്ങള്‍ ആയി ആണോ കണക്കാക്കുക അതിനേക്കാലൊക്കെ  വെറുക്കപ്പെട്ട ഒരു കാന്‍വാസില്‍ ഈ നടനെ തളച്ചിടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ തിലകന്‍ ചേട്ടന്‍ ഞങ്ങടെ  പൊന്നാണ്, തേനാണ് , പാലാണ് എന്നൊക്കെ പറഞ്ഞു വിങ്ങിപ്പൊട്ടുന്നത്‌ കാണുമ്പോള്‍ മനസ്സില്‍ തികട്ടിവരുന്ന വികാരം അതേപടി ഇവിടെ എഴുതി വെച്ചാല്‍ മോശമാകും എന്ന് തോന്നുന്നു. ഇതേ  കൊഞ്ഞാണന്മാര്‍ എല്ലാം കൂടി  നാളെ തിലകന്റെ പേരില്‍ ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയാല്‍ പോലും അതില്‍ അത്ഭുതപ്പെടെണ്ടതുണ്ട് എന്ന് തോന്നുന്നില്ല..  കാരണം നാണം, മാനം, ഉളുപ്പ്  അഭിമാനം,നട്ടെല്ല് ഇതൊന്നും മാര്‍ക്കറ്റില്‍ കിട്ടുന്നതല്ലല്ലോ. ഏതായാലും ടി  സാറന്മാര്‍ക്കെല്ലാം തന്നെ  സുഭദ്രമായ ഒരു രാഷ്ട്രീയ ഭാവി ഉണ്ട് എന്നത്  കോവര്‍ കഴുതകളായ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കാജനകം ആണ്..!!     
              ' ഞങ്ങടെ സംഘടനയുടെ അരഞ്ഞാണ ചരടിന്റെ ബലത്തിലാണ്  മലയാള സിനിമ നിന്ന് പിഴച്ചു പോകുന്നത്. ഞങ്ങളോട് മൊടയുമായി വന്നവന്‍  ഇവിടെ ഒരു സിനിമയും ഒലത്തണ്ട, ഒരു കോപ്പും ഒണ്ടാക്കണ്ട' എന്ന നിഷേധ മനോഭാവമാണ് ഇവിടത്തെ പല താര-സാങ്കേതിക- സംഘടനകളും വെച്ചു പുലര്‍ത്തുക. വിലക്കാനായി മാത്രം യോഗം കൂടുന്ന ഇതുപോലെയുള്ള കുണ്ടികുലുക്കി പക്ഷികള്‍ ചലച്ചിത്ര ലോകത്ത്‌ മാത്രമല്ല  ജീവിതത്തിന്റെ സര്‍വ മേഘലകളിലും ആധിപത്യം സ്ഥാപിച്ചു വരുന്നുണ്ട്-പ്രത്യേകിച്ചും കേരളത്തില്‍. ആധ്യാത്മിക-ധാര്‍മിക-യുവജന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും ഇത്തരം ക്ഷുദ്രീകരണ ശക്തികളുടെ തായംകളികള്‍ക്ക്‌ വേദിയാകുന്നത് നാം അനുദിനം കണ്ടുവരുന്നു. അപ്പോള്‍ എല്ലാ വിധ ഹറാം പെറപ്പുകളുടെയും ടൂറിസ്റ്റ്‌ പ്ലേസ് ആയ സിനിമയുടെ കാര്യം പറയാനുണ്ടോ !!. 'കൂടുതല് കളിച്ചാല്‍ നിന്നെ ഞങ്ങളങ്ങു വിലക്കിക്കളയും ' എന്നാണു ഇക്കൂട്ടരുടെ ഭീഷണിയും. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിലനിന്നുപോരുന്ന പോരുന്ന ഊര് വിലക്കലിനോടോ തുറമുഖങ്ങളിലെ ക്വാറന്റയിനോടോ മാത്രമേ ടിയാന്മാരുടെ വിലക്കലിനെ ഉപമിക്കാനാവൂ. ഇപ്രകാരം വിലക്കപ്പെടുന്നവന് ഇഹലോകത്തിലോ പരലോകത്തിലോ മോക്ഷം ലഭിക്കില്ല പോലും!!.           
                  നിന്ദാകരമായ ഇത്തരം  ഒറ്റപ്പെടുത്തലുകളെയും ഊരുവിലക്കലുകളെയും കാറ്റില്‍പ്പറത്തി തിലകന്‍ സാറിന് മലയാള സിനിമയിലേയ്ക്ക്‌ ശക്തമായ തിരിച്ചു വരവിനു അവസരം ഒരുക്കിയ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  രഞ്ജിത്ത് തന്നിലര്‍പ്പിച്ച വിശ്വാസം  അതിന്റെ എല്ലാ വിധ പരിപൂര്‍ണ്ണതയിലും തിലകന്‍ കാത്തുസൂക്ഷിച്ചു. തിലകന്റെ അഭിനയ ശോഭയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സൗത്ത്‌ ഇന്ത്യയിലെ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഏക നടന്‍ ".ക്ക.. മ്മ..ന്ന..ങ്ങ..' എല്ലാം വരയ്ക്കുന്നത് നമ്മള്‍ 'ഇന്ത്യന്‍ റുപ്പീ'യില്‍ കണ്ടറിഞ്ഞതാണ്..  
     ന്യു ജനറേഷന്‍ തരംഗത്തില്‍ പെട്ട് ഒലിച്ചു പോകാതിരിക്കാന്‍ മലയാളത്തിന്റെ  സൊ കോള്‍ഡ്‌ സൂപ്പര്‍-മെഗാ-യുനിവേഴ്സല്‍  താരങ്ങള്‍ കൈ കാലിട്ടടിക്കുമ്പോള്‍ ജനറേഷന്‍ ഗ്യാപ്‌ ബാധിക്കാത്ത ഒരു മഹാ സംഭവം തന്നെയാണ് താന്‍  എന്ന് 'ഉസ്താത്‌ ഹോട്ടല്‍' എന്ന നവതലമുറ ചിത്രത്തിലൂടെ   തിലകന്‍ തെളിയിക്കുകയുണ്ടായി.

     തന്റെതായ മാനറിസങ്ങളും ആരുടെ മുന്നിലും അടിയറവ്‌ വെയ്ക്കാത്ത കാഴ്ച്ചപ്പാടുകളുമായി ഒരു മഹാമേരു പോലെ മലയാള സിനിമയില്‍ തന്റെതായ സിംഹാസനം ഉറപ്പിച്ച അഭിനയ ലോകത്തെ ഈ മഹാനായ ഔട്ട്‌സ്പോക്കണ്‍ താരകത്തിന്, മഹാനല്ലാത്ത വെറും കൂതറയായ  ഈ കോട്ടയംകാരന്‍ ഔട്ട്‌സ്പോക്കന്‍ സോളിന്റെ   ആദരാഞ്ജലികള്‍..  
   

Tweet, Share & Like