Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, August 1, 2012

അഭിമാനിക്കാന്‍ ഓരോരോ കാരണങ്ങള്‍..

               കേരളത്തിന് മാത്രം പൈതൃകാവകാശമായി  ഉയര്‍ത്തിക്കാട്ടാനുള്ള ആ പാളത്തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായാവണം ഒരു കൊലക്കേസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തതില്‍  പ്രതിഷേധിച്ച്   ഹര്‍ത്താല്‍ ആചരിക്കപ്പെടുന്നത്. (ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കേസുകെട്ടുകളെ പറ്റി വല്യ നോളജ് ഇല്ല.. സഖാക്കള്‍ ക്ഷമീ..).
       രാജ്യത്തിന്റെ  അഭിമാനത്തിന്റെ നെഞ്ചത്ത് കൂടി  ക്യാറ്റ്‌ വോക്  ചെയ്ത മാധുര ഹണിയ്ക്ക് ശേഷം ഇപ്പോള്‍ ഇതാ ബ്ലഡി മല്ലൂസിന്റെ നെഞ്ചത്ത്‌ പേട്ട തുള്ളാന്‍ഏല്ലാ വിധ സന്നാഹങ്ങളും തയ്യാറായി കഴിഞ്ഞു.
 കുറേക്കാലത്തിനു ശേഷം ഒരു കൊട്ടേഷന്‍ ഒത്തുവന്നതില്‍  ഉള്ള സന്തോഷത്തില്‍ ആയിരിക്കണം ഷെഡ്ഡില്‍ നിന്നും ഇറങ്ങാനൊരുങ്ങുന്ന ഹര്‍ത്താല്‍ തൊഴിലാളികള്‍ ഇപ്പോള്‍.. നാളെ എത്ര ബസ്സുകള്‍ കത്തിക്കണം, എത്ര പേരുടെ മോന്ത അടിച്ചു ചളുക്കണം, എത്ര നികൃഷ്ട ജീവികളുടെ തന്തയ്ക്ക് വിളിക്കണം എന്നിങ്ങനെയുള്ള ശുദ്ധികലശങ്ങളുടെയും പൂജാവിധികളുടെയും  കണക്കെടുപ്പില്‍ ആവണം പാര്‍ട്ടി പൂജാരികള്‍ ഇപ്പോള്‍.  

       അതെന്തായാലും വളരെ നികൃഷ്ടമായ ഒരു  കീഴ്വഴക്കത്തിനാണ് സി.പി.എം കഴിഞ്ഞ കോഴിക്കോട്  ജില്ലാ തല ഹര്‍ത്താല്‍ മുതല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ക്രിമിനല്‍ കേസിലെ പ്രതി എന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ - അയാള്‍ ഏതു കോപ്പിലെ പാര്‍ട്ടിയുടെ കൊണാണ്ടന്‍ ആയാലും - അറസ്റ്റ്‌ ചെയ്ത് അകത്തിടാനും തെളിവുകള്‍ ശേഖരിക്കാനും അങ്ങനെ ശേഖരിച്ച തെളിവുകള്‍  കോടതിയില്‍  ഹാജരാക്കി ടിയാന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ്  ഇന്ത്യന്‍ പീനല്‍ കോഡ്,  പോലിസ്‌  എന്നിങ്ങനെയുള്ള സെറ്റപ്പുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കേരളം ഈ ഇന്ത്യയിലെ ഒരു സംസ്ഥാനവും കണ്ണൂര്‍  ഈ സംസ്ഥാനത്തിലെ ഒരു ജില്ല മാത്രവും ആണ് എന്നിരിക്കെ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയ്ക്ക് ബാധകം അല്ല എന്ന് വരുന്നില്ല.
       ഒരു പക്ഷെ കണ്ണൂര്‍ എന്നത് പ്രത്യേകമായ ഒരു രാജ്യമോ സമത്വ സുന്ദര ചൈനയുടെ ഒരു ഭാഗമോ ഒക്കെ ആണ് എന്നൊരു മിഥ്യാ ധാരണ അന്നാട്ടുകാരായ സഖാക്കള്‍ക്ക്‌ ഉണ്ടായാല്‍ കൂടിയും പ്രബുദ്ധര്‍ എന്ന് സ്വയം കരുതുന്ന സി.പി.എം സംസ്ഥാന നേതൃത്വം അത്തരമൊരു ധാരണ വെച്ച് പുലര്ത്തുന്നതിനെ നിരാശാജനകം എന്നെ വിശേഷിപ്പിക്കാനാവൂ. പുരോഗമനാത്മക രാഷ്ട്രീയ പ്രസ്ഥാനം എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം മുക്രയിടുകയും കേരളത്തെ മൊത്തം വല്ലാത്തൊരു പുരോഗതിയുടെ തൊണ്ടക്കുഴിയില്‍ വരെ എത്തിക്കുകയും ചെയ്തവര്‍ നിയമവ്യവസ്ഥയ്ക്ക് നേരെ ഈ വിധം മുണ്ട് പൊക്കിക്കാട്ടുന്നതിലൂടെ ഏതു വിധത്തിലുള്ള പുരോഗമനത്തിലെയ്ക്കാണ് നാടിനെ നയിക്കുന്നത് എന്നതിനെപറ്റി പൊതുജനകഴുതകള്‍ക്ക് ഇനിയും പിടികിട്ടുന്നുണ്ടാവില്ല.  ഇമ്മാതിരിയുള്ള ബാര്‍ബേറിയന്‍ നവോഥാന കാലഘട്ടത്തിന്റെ അന്തര്‍ധാരാതലങ്ങളെ പറ്റി സഖാകന്മാര്‍  ഒരു നിഷ്പക്ഷമായ അവലോകനം നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.   ചുരുങ്ങിയത് "കേരള ജനത ഹര്‍ത്താലിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു " എന്ന് നാളെ വൈകുന്നേരം ചാനലുകളുടെ മുന്‍പാകെ ഓരിയിടുന്നതിനു ഒരു അഞ്ചു മിനുട്ട് മുന്‍പെങ്കിലും..
                ധന്യമായ കമ്യൂണിസ്റ്റ് ജീവിതം മാത്രം നയിക്കുന്ന ഒരു സഖാവാണ് ജയരാജന്‍ എന്ന് ബോധ്യമുള്ള ഒരു നേതൃത്വമാണ്  സി.പി.എം നു ഉള്ളതെങ്കില്‍ ചെയ്യേണ്ടത് അന്തസ്സോടെ ഈ കേസിനെ നിയമപരമായി കോടതിയില്‍ നേരിടുകയാണ്. അതിനു പകരം സംസ്ഥാനത്തെ കലാപത്തിന്റെ തീച്ചൂളയാക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യാനുള്ള ധാര്‍ഷ്ട്യമാണ്  പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്നതെങ്കില്‍  പായും തലയണയും ട്രാവല്‍ ബാഗും ഒക്കെ ഒരുക്കി വെച്ചുകൊള്ളുക എന്ന് മാത്രമേ പറയാനുള്ളൂ.  കാരണം ക്ഷമയുടെ നെല്ലിപ്പടിയും അതിനപ്പുറവുമൊക്കെ കണ്ടുകഴിഞ്ഞു കേരളത്തിലെ ജനങ്ങള്‍.   
          അങ്ങാടിയില്‍ തോല്‍ക്കുന്നതിനു വീണ്ടും വീണ്ടും പൊതുജനങ്ങളുടെ നെഞ്ചത്ത് പൊന്കാലയിടുന്ന സഖാക്കന്മാര്‍  നാളത്തെ പൊന്കാലയിടല്‍ തുടങ്ങുന്നതിനു മുന്നേ ഒരു ഹാന്‍ഡ്‌ കര്‍ച്ചീഫ് പോക്കറ്റില്‍ കരുതുകയോ തലയില്‍ കെട്ടുകയോ ചെയ്യുന്നത് നന്നായിരിക്കും.  കൊടിയുടെ നിറമോ വടിവാളുകളുടെയും കുറുവടികളുടെയും  പിന്ബലമോ ഇല്ലാത്ത ഒരു സമൂഹം ജനങ്ങളുടെ കാര്‍ക്കിച്ചു തുപ്പലുകള്‍ നിറുകയിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ഒപ്പിയെടുക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. 

      ചാനല്‍ റിയാലിറ്റിഷോയില്‍  ഫേവറിറ്റ്  കൊച്ചിന്  വേണ്ടി അയയ്ക്കുന്ന എസ് .എം.എസ്  പോലെയാണ് നാളെ നിങ്ങള്‍ എറിയുന്ന ഓരോ പെട്രോള്‍ ബോംബുകളും കാറ്റ് കുത്തിവിടുന്ന ഓരോ ടയറുകളും  ഇപ്പോള്‍ എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുന്ന ജയരാജന്‍ സഖാവിന് പ്രയോജനപ്പെടുക എന്നുതുടങ്ങിയ  സ്റ്റഡി ക്ലാസ് വചനങ്ങളും കേട്ട്; നാളെ നിരത്തുകളിലെയ്ക്ക് ഇറങ്ങുന്ന അഭ്യസ്ത വിദ്യരോടു   എന്ത് പറയണം എന്നറിയില്ല. പോലിസിന്റെ അടി വാങ്ങിയും നാട്ടുകാരുടെ പ്രാക്കു കേട്ടും തന്നിലെ വിശ്വോദാത്തമായ നേതൃപാടവം വികസിപ്പിക്കുന്നവര്‍ തീര്‍ച്ചയായും ഈ നാടിനു വഹിക്കാന്‍ കഴിയാത്ത ഭാരം തന്നെയാണെന്ന് പറയാതിരിക്കാന്‍ വയ്യ.

വാല്‍ക്കഷണം :-

UPDATE ON 03/07/2012:

            അങ്ങനെ  ഈ ഹര്‍ത്താലും വിജയകരമായി പരിസമാപിക്കുകയാണ്. പൊതുജനങ്ങളുടെ അണ്ണാക്കിലെയ്ക്ക് തിരുകാന്‍ വെച്ചിരുന്ന പരിപ്പുവടയുടെ ഒരു വീതം കുട്ടി സഘാവിനും കിട്ടി എന്ന്‍ വായിച്ചറിഞ്ഞു..
സന്തോഷായി വിജയേട്ടാ.. പെരുത്ത്‌ സന്തോഷായി!!  

            

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...