Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Wednesday, July 4, 2012

ന്യൂ ജെന്‍. പ്രൊഫൈല്‍ പാകം ചെയ്യുന്ന വിധം..


        നാടും നാട്ടാരും  NGകള്‍ക്ക് പുറകെ പരക്കം പായുകയും ഫേസ്ബുക്കില്‍ ആകമാനം ന്യൂ ജനറേഷന്‍ വസന്തം പൂത്തുലയുകയും    കോഴിയിറച്ചിയും    കപ്പലണ്ടിയും  മുതല്‍ സിനിമാ - രാഷ്ട്രീയ - സാഹിത്യ - സാംസ്കാരിക രംഗങ്ങള്‍ വരെ 'ന്യൂ ജനറേഷന്‍' പരിപ്രേക്ഷ്യങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍  എന്താണ്  തനിയ്ക്ക് ചുറ്റും ഈ സംഭവിയ്ക്കുന്നത്  എന്ന് മനസിലാകാതെ കുന്തം വിഴുങ്ങി നില്‍ക്കുകയും എങ്ങനെ തനിക്കും ഒരു NG ആകാം എന്നോര്‍ത്ത്  തലമണ്ടയില്‍ ഗ്യാസ്‌ ലൈറ്റര്‍ തെളിക്കുകയും ചെയ്യുന്ന വെറും  സാധാരണക്കാരനെ ഉദ്ദേശിച്ചാണ്  ഈ പോസ്റ്റ്‌.
               'ന്യുജനറേഷന്‍'  എന്നാല്‍ അട്ടര്‍ വെറൈറ്റി  മാത്രമാണ് എന്ന തിയറിയാണ് താങ്കള്‍ ആദ്യമായി മനസിലാക്കേണ്ടത്.  ഉദാഹരണത്തിന്, നോര്‍മ്മല്‍ രീതിയില്‍ സിനിമ കാണുകയും ലാലെട്ടന്റെയും മമ്മുക്കയുടെയും കാമുക-യുവത്വ ഭാവങ്ങള്‍ കണ്ടു രോമാഞ്ചിച്ചുകൊണ്ടിരിക്കുകയും അവസാനം ശുഭം എന്നെഴുതുമ്പോള്‍ കയ്യടിക്കുകയും ചെയ്ത ജനത്തിന്   മുന്നില്‍,   നോണ്‍-ലീനിയര്‍ എഡിറ്റിംഗ് വിസ്മയത്തിലൂടെ വാല്‍ ആദ്യവും തല നടുക്കും കഴുത്ത് അവസാനവുമായി ഒരു അത്ഭുത ജീവിയെ പ്രസവിച്ചിടുകയും, "എന്തുതരം ജീവിയാണ് ഇത് "എന്നുള്ള ഒരുതരം    വിഭ്രമാത്മക കണ്ഫ്യൂഷന്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച്, അവന്റെ കോഴിമുട്ട വലിപ്പമുള്ള ബ്രെയിന് എട്ടിന്റെ വര്‍ക്ക്‌  കൊടുക്കുകയും ചെയ്തു എന്നതാണല്ലോ ന്യൂജനറേഷന്‍ സിനിമകളുടെ ആകെത്തുക തന്നെ. 
              പ്രധാനമായും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലാണ് NGവീരന്മാര്‍ ജന്മമെടുക്കാറുള്ളത്. അത്യപൂര്‍വമായി ഇതുപോലുള്ള ബ്ലോഗുകളിലും  അവര്‍ അവതാരം ചെയ്യാറുണ്ട്.  സൊമാലിയയിലെ പട്ടിണി മുതല്‍ അന്റാര്‍ട്ടിക്കന്‍  കാടുകളിലെ നീഗ്രോകളുടെ   വെളുപ്പ്‌ ദീനത്തിനു വരെ ശാശ്വതമായ പരിഹാരം തങ്ങളുടെ വാള്‍ പോസ്ടുകളിലാണ് സംഭവിക്കുക എന്നുള്ള ഒരുതരം ആത്മവിശ്വാസം (അങ്ങനെയും  പറയാമെന്നു തോന്നുന്നു)  NGകള്‍ക്ക്‌ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്.   താന്‍ ഒരു  മഹാസംഭവം ആണെന്നും തന്നെ മൈന്‍ഡ്‌ ചെയ്യാതെ സോഷ്യല്‍ മീഡിയയുടെ തിണ്ണ നിരങ്ങുന്നവര്‍    ഗ്രാസ്റൂട്ട് ലെവല്‍  കിഴങ്ങന്മാര്‍ ആണെന്നുമുള്ള മഹാസത്യം ഒരു NG എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിച്ചു ധ്യാനിക്കെണ്ടതാണ്.
   ഇത്തരത്തിലുള്ള ഒരു ധാരണയില്‍ നിന്നുമാവണം പിന്നീടുള്ള താങ്കളുടെ ഫേസ്ബുക്ക് ഇതിഹാസങ്ങള്‍ ജന്മമെടുക്കാന്‍...  
     ഒരു NG ആകാന്‍ തക്കവിധം താങ്കളുടെ ഹൃദയം ഇതിനകം ത്രസിച്ചു തുടങ്ങിയെങ്കില്‍ തുടര്‍ന്നു വായിക്കാം.  ഇല്ലെങ്കില്‍ ഈ  കോപ്പിലെ ബ്ലോഗ് വായന ഇവിടെ നിര്‍ത്തി വേറെ പണി നോക്കാം..

ഫേസ്ബുക്ക് പ്രൊഫൈല്‍ :-
താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഒരു NGയ്ക്ക് ചേര്‍ന്ന വിധം പരുവപ്പെടുത്തി എടുക്കുക എന്നതാണ് ആദ്യ ഘട്ടം..
         കാണാന്‍ കൊള്ളാവുന്ന, ചന്ദ്രനെപ്പോലെ വിളങ്ങുന്ന മുഖമാണ് തന്റേതു എന്ന് ഉറപ്പു പോരാത്തവര്‍ പ്രൊഫൈല്‍ പിക് ആയി അത് ചേര്‍ത്ത് നാടുകാരെ ഞെട്ടിക്കാതിരിക്കുക. ഒരു വെറൈടി ഉണ്ടായിരിക്കാന്‍ എപ്പോളും ശ്രദ്ധിക്കുക. (അല്ലേലും ഈ NG എന്നത് തന്നെ ഒരുതരം വെറയ്ടി ആണല്ലോ).  മല്ലു സെലിബ്രിറ്റികള്‍, ഇന്ത്യന്‍ ഫിലിം സ്ടാര്സ് എന്നിവരുടെ പിക്സ് പ്രൊഫൈലിലും കവറിലും ഇട്ടു ബ്ലഡി മല്ലൂസിന് പഠിക്കാതിരിക്കുക.  വേണമെങ്കില്‍ ക്യു.ആര്‍ കോഡോ  വല്ല മോഡേണ്‍ ആര്‍ട്ടോ ഒക്കെ പ്രൊഫൈല്‍ പിക് ആയി കൊടുത്ത് കാണുന്നവന്റെ തലയില്‍ ട്രെയിന്‍ ഓടിക്കാം.  ഇനി സ്വന്തം പടം വേണമെന്ന് നിര്‍ബന്ധം ആണേല്‍ ഫോട്ടോഷോപ്പില്‍ കയറ്റി മോന്തയുടെ ഏതേലും ഒരു പാര്‍ട്ട് മാത്രം സ്ലൈസ് ചെയ്തെടുത്തു ടി പാസ്സഞ്ചര്‍ ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റ്‌ ആക്കാം..   
( പെണ്കൊച്ചുങ്ങളുടെ പേരില്‍  NG ഫെയ്ക്‌ പ്രൊഫൈല്‍  ഉണ്ടാക്കുന്നവര്‍ ശ്രദ്ധിക്കാന്‍..
നിങ്ങള്‍ പ്രൊഫൈല്‍ പിക്ക്‌ ആയി കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ചെല്ലക്കിളിയെ ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് മാത്രം അപ്‌ലോഡ്‌ ചെയ്യുക. ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്യാത്ത ചെല്ലക്കിളികള്‍ എല്ലാം ജെനുവിന്‍ ആണെന്നാണ്‌ പല കൊജ്ഞാനന്‍മാരും കരുതുന്നത്.)   

ടൈം  ലൈന്‍ :-
   അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റേതെങ്കിലും  യൂറോപ്യന്‍ രാജ്യങ്ങളിലോ ജനിക്കെണ്ടിയിരുന്ന താന്‍ ഈ നശിച്ച ഇന്ത്യയില്‍ ജനിച്ചുപോയത്‌ ഈ രാജ്യത്തിന്റെ അസുലഭ സൌഭാഗ്യമാണെന്നും,  തന്നോടു തായം കളിക്കാന്‍ മാത്രം ഒരു ബ്ലഡി മല്ലുവും വളര്‍ന്നിട്ടില്ലെന്നുമുള്ള ഒരു സന്ദേശം ടൈം ലൈനില്‍ മുഴച്ചു നില്‍ക്കണം.     
      നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പുസ്തകം മംഗളം വാരികയോ ബാലരമയോ ഒക്കെ ആയാലും അതൊന്നും പ്രൊഫൈലില്‍ എഴുന്നള്ളിക്കാതിരിക്കുക.  ജോണ്‍ ഗ്രീന്റെ "ഫാള്‍ട്ട് ഓഫ് ഔര്‍ സ്ടാര്സ്", ഗിള്ളിയന്‍ ഫ്ലയ്ന്റെ 'ഗോണ്‍ ഗേള്‍' എന്നിവ പോലെ ന്യൂ.ജെന്‍ ആംഗലേയ കൃതികള്‍ ലിസ്റ്റ് ചെയ്യുന്നത് മേല്പറഞ്ഞ സന്ദേശത്തെ അരക്കിട്ടുറപ്പിക്കും.     ഇഷ്ടഗായകരുടെ ലിസ്റ്റില്‍ ലേഡി ഗാഗയും റിഹാനയും മിസ്സാകരുത്‌. വേണമെങ്കില്‍ ആകൊനും ജസ്റ്റിന്‍ ബീവറും കിടക്കട്ടെ..     അല്ലാണ്ട് ഒരുമാതിരി കണ്ട്രി മല്ലൂസിനെപ്പോലെ രവീന്ദ്രന്‍ മാഷ്‌, ഇളയരാജ എന്നൊന്നും ഒലത്തിയെക്കരുത്!!. 
   ഇതുപോലെ തന്നെ ഇഷ്ട സിനിമകളും..   ഹോളിവുഡ്-ലാട്ടിനമേരിക്കന്‍ സിനിമകള്‍ മാത്രം ലിസ്റ്റുക. ഇനി മലയാളം അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ 'ചാപ്പ കുരിശ്', 22fk, ബാച്ചലര്‍ പാര്‍ട്ടി എന്നിവയിലൊന്നു ചേര്‍ത്തോ..   
 ഇപ്പൊ ടൈം ലൈന്‍  ഒരുമാതിരി ന്യൂ ജെന്‍ ആയിട്ടുണ്ട്.

ഇനി പോസ്ടുകളുടെ കാര്യം..
താഴെപ്പറയുന്ന തത്വങ്ങളുടെ എസ്സെന്‍സ് ചേര്‍ത്ത് വേണം പോസ്റ്റുകള്‍ വഴറ്റിയെടുക്കാന്‍...
1. എല്ലാ മലയാളികളും എഴാംകൂലി ഞരമ്പ്‌ രോഗികളും അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത പുല്ലന്മാരുമാണ്. NGകളെ കഴുവേറ്റാന്‍ ടിയാന്മാര്‍ കയറും പിരിച്ചു കാത്തിരിക്കുകയാണ്.
2.  നിര്‍ഭാഗ്യവശാല്‍ ഒരു മലയാളി ആയിപ്പോയി എങ്കിലും  ബൌധികപരമായി യൂറോപ്യന്‍ പുല്തകിടികളില്‍ സ്ഥിരമായി മേഞ്ഞു നടക്കുന്നത്‌ കൊണ്ട് മേല്പറഞ്ഞ പുല്ലന്മാര്‍ക്കിടയിലെ മാലാഖകുഞ്ഞാണ് താന്‍.
3.  ഇന്ത്യ നേരിടുന്ന ഏറ്റം വലിയ ഭീഷണി സാമ്പത്തിക മാന്ദ്യവും ദാരിദ്രവും രൂപയുടെ വിലയിടിച്ചിലും ഒന്നുമല്ല, മറിച്ച്  അണ്‍കള്‍ച്ചര്ട് സദാചാര പോലീസുകാരാണ്.
4. ട്രാഫിക്കിനും ചാപ്പകുരിശിനും മുന്‍പ്‌ കേരളത്തില്‍ ഇറങ്ങിയത്‌ ഒന്നും സിനിമ അല്ല.  ഫഹദ്‌ ഫാസിലും രമ്യ നമ്പീശനും ആണ് അഭിനയ ലോകത്തിലെ വിശ്വോദാത്ത പ്രതിഭകള്‍.
5. താനൊഴികെ ഓണ്‍ലൈന്‍ ലോകത്ത് നെരങ്ങുന്ന സകല മല്ലൂസും കെഴങ്ങന്മാര്‍ ആണ്. തന്റെ പോസ്റ്റുകള്‍ ലൈക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു മാത്രമേ ടി അവസ്ഥയില്‍ നിന്നും അവര്‍ക്ക് മോക്ഷം നേടാനാവൂ..
6.  തന്റെ  പോസ്റ്റിന്റെ ലൈക്കുകളെ  ആശ്രയിച്ചിരിക്കും സാംസ്കാരിക കേരളത്തിന്റെ ഓരോ സ്പന്ദനവും.. 
7. മുഖ്യധാരാ പത്രങ്ങള്‍ എല്ലാം തന്നെ  വാര്‍ത്തകള്‍ മുക്കുന്നവര്‍ ആണ്.  നളമിടം, വെബ്‌ ദുനിയ , മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്നത് മാത്രമാണ് പച്ചയായ സത്യം.
ടി വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സത്യം പ്രചരിപ്പിക്കുക എന്നതാണ്  ഉല്‍കൃഷ്ട FB ജേണലിസം.

 സ്റ്റാറ്റസ് അപ്ഡേറ്റുകള്‍:-
   രാവിലെ കണ്ണുതുറക്കുന്നത് മുതല്‍ വൈകിട്ട് കണ്ണടയുന്നത് വരെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഇടാന്‍ മറക്കരുത്..
ചുമ്മാ സ്റ്റാറ്റസ് ഇട്ടാ പോരാ,   എല്ലാ സ്ടാടസിലും ഒരു എലൈറ്റ്‌ ക്ലാസ്‌ കള്‍ച്ചര്‍ഡ് പേഴ്സണാലിറ്റിയുടെ മണം ഉണ്ടാകണം..
ഉദാഹരണത്തിന്, മൂന്നുനേരവും കഴിക്കാറുള്ള കപ്പയും കഞ്ഞിയും സ്റ്റാടസുകളില്‍ കെന്‍റക്കി ചിക്കനും ഹോട്ട് വിങ്ങ്സുമായി പുനര്‍ജനിക്കണം..
മഴവില്‍ മനോരമയിലെ പൈങ്കിളി കാണുമ്പോള്‍,
 "Watching sathyameva jayathe.. amir khan really rocks.. " എന്ന് സ്റ്റാറ്റസ്‌ ഇടണം..  
ചെല്ലപ്പന്‍ ചേട്ടന്റെ കടയില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ "nw  @gold souk.. enjoying DOF 6D show.. " എന്നും,  വൈകിട്ട് മനസില്ലാമനസ്സോടെ വീട്ടിലെ കുടുംബ പ്രാര്‍ഥനയ്ക്ക് പോയിരിക്കുമ്പോള്‍ "enjoying a mind blowing DJ @Windsor Castle..  wow.. awesome one.."   എന്നും സ്റ്റാറ്റസ്‌ ഇടുന്നതില്‍ തെറ്റില്ല.. 
അല്ലെങ്കില്‍ നമ്മുടെ NG സ്ടാടസ്!!..  ബാക്കി പറയണ്ടല്ലോ.. 

ലൈക്കുകള്‍ :-
 പിന്നൊരു കാര്യം... തറവാട് സ്വത്ത്‌ എഴുതിക്കൊടുക്കേണ്ടി വന്നാലും ഒരു ക്നാപ്പന്റെയും സ്ടാട്ടസില്‍ ലൈക്‌ കൊടുക്കരുത്..  'ലൈക്‌' എന്നത് നമ്മുക്ക് ഇങ്ങോട്ട് മാത്രം കിട്ടേണ്ട സംഗതി ആണ് എന്ന്  മനസ്സില്‍  കുറിച്ചിടുക.  (ചെല്ലക്കിളികള്‍ക്ക്  ഈ നിയമം ബാധകം അല്ല കേട്ടോ.. .. പാ വേറെ.. പാപ്പച്ചന്‍ വേറെ!!..)        

ഇപ്പോള്‍ താങ്കള്‍ ഏറെക്കുറെ ഒരു NG ആയിക്കഴിഞ്ഞു..!! എല്ലാ ഭാവുകങ്ങളും!!... 


         
 
          
        

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...