Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Monday, June 4, 2012

"സത്യമേവ ജയതേ"

       ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.  എന്നാല്‍ അടുത്തിടയ്ക്ക്  ഹിന്ദി സുപ്പര്‍ താരം ആമിര്‍ ഖാന്‍ ഒരു ടി.വി പ്രോഗ്രാമില്‍  തുറന്നു പറഞ്ഞ ചില സത്യങ്ങള്‍ കേട്ട്  IMAയ്ക്ക് അത്ര ചിരിയൊന്നും വരുന്നില്ല.    IMA എന്ന്വച്ചാല്‍ Indian Medical Association. ആമിര്‍ ഖാന്‍ എത്രയും വേഗം താന്‍  പറഞ്ഞ വാക്കുകള്‍  വെട്ടിക്കീറി  പരണത്ത്  ഉണക്കാന്‍ വെച്ച്  അഖിലേന്ത്യാ ഡോക്ടര്‍ സമൂഹത്തോട് മാപ്പ് പറഞ്ഞില്ലെങ്കില്‍, ഡോക്ടര്‍ കുടുംബത്തില്‍ പിറന്ന ഒറ്റ  ഉണ്ണി പോലും  മി. ഖാന്റെ  ചിത്രങ്ങള്‍ ഓടുന്ന   തിയറ്ററിന്റെ എഴയലത്തെക്ക്  അബദ്ധത്തില്‍ പോലും എത്തിപ്പെടില്ല എന്നാണു ടി അസോസിയേഷന്റെ ഭീഷണി. 
             ഏതായാലും നിലവില്‍ എത്ര ഡോക്ടര്‍ ഉണ്ണികള്‍ ആമിറിന്റെ ചിത്രം കാണാറുണ്ട്‌, ആമിറിന്റെ ചിത്രം ഇനി അബദ്ധത്തിലെങ്കിലും  കണ്ടുപോകുന്ന  ന്യു. ജെനറേഷന്‍ ഡോക്ടര്‍  കുഞ്ഞുങ്ങള്‍ക്കെതിരെ  സംഘടന എന്ത് നടപടി സ്വീകരിക്കും, ടി ഉണ്ണികള്‍  ഒറ്റയ്ക്കാണോ അതോ ഗേള്‍/ബോയ്‌ ഫ്രണ്ടുമായാണോ സാധാരണ തിയറ്ററില്‍ പോകാറുള്ളത് , ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ആപ്പിള്‍ ആണോ പോപ്കോണ്‍ ആണോ കഴിക്കാറുള്ളത് എന്നിങ്ങനെയുള്ള വന്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലെയ്ക്കൊന്നും ഞാന്‍ കടക്കുന്നില്ല.     
                                 
              'സത്യമേവ  ജയതേ' എന്ന് പേരിലുള്ള  ആമിറിന്റെ റിയാലിറ്റിഷോ ഏതാനും എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ തന്നെ  ആവശ്യത്തിലേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ചു കഴിഞ്ഞു.. 
 (അല്ലേലും വിവാദങ്ങള്‍ ഇല്ലാതെ നമ്മുക്കൊക്കെ  എന്തോന്ന് എന്റര്‍ടെയിന്‍മെന്റ് !!..  അല്ലെ ..!!) 


             രാജ്യത്തെ  മെഡിക്കല്‍ രംഗം നേരിടുന്ന ക്ഷുദ്രതകളും, അവ കൂടുതല്‍ ഭീകരമാക്കാന്‍ ചില ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്കുമാണ്  ഈ പ്രോഗ്രാമിലെ ആമിര്‍ഖാന്റെ വിവാദ പ്രസ്താവനയുടെ ആകെത്തുക .  ഇന്ത്യാ മഹാരാജ്യത്ത് എല്ലാ മേഖലകളിലും തന്നെ  പടര്‍ന്നുപിടിച്ച അഴിമതി എന്ന അര്‍ബുദം മെഡിക്കല്‍ മേഖലയെയും ഒഴിവാക്കുന്നില്ലെന്നതും ,  ഡോക്ടര്‍മാര്‍ക്കിടയിലെ വര്‍ധിച്ചു  വരുന്ന അഴിമതിയും മരുന്ന് കമ്പനികള്‍ ചികിത്സാവിധിയില്‍ വഹിക്കുന്ന നവയുഗ ഭാഗധേയവും അതിനു ഡോക്ടെഴ്സിനു കിട്ടുന്ന കിമ്പളവും ഒക്കെ   പരസ്യമായ രഹസ്യമായിരിക്കെ, ഐ.എം.എ ഇങ്ങനെ കാടിളക്കി വെടി വെയ്ക്കുന്നതിന്റെ  ഔചിത്യം എന്താണ് എന്നത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞു. ..
                 എന്നെപ്പോലെയുള്ള  കുറെ പീറ ബ്ലോഗ്ഗര്‍മാര്‍ 'വായില്‍ തോന്നിയത്  കോതയ്ക്ക് പാട്ട്  ' എന്ന മട്ടില്‍  ഒരു തൊഴിലും ഇല്ലാത്ത നേരത്ത് കീ ബോര്‍ഡിന്  മുന്നില്‍ ഇരുന്നു നടത്തുന്ന പൊളിച്ചടുക്കല്‍  പോലെയല്ല  ആമിര്‍ ഖാനെ പോലെയുള്ള  ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ എന്ന ബോധോദയം ആകണം ഐ.എം.എ യെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്.

             ഏതാനും മാസം മുന്‍പ്‌ , ഇന്ത്യയിലെ  നഴ്സ് സമൂഹം തങ്ങളുടെ നിലനില്‍പ്പിനായി ശബ്ദം ഉയര്‍ത്തിയപ്പോള്‍, ഐ.എം.എ. ധാര്‍മ്മികതയുടെയും  ജീവകാരുന്യത്തിന്റെയും അപ്പസ്തോലന്മാരായി ഹോസ്പിറ്റല്‍ മുതലാളികളോട് ഐഖ്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട്  രംഗത്തെത്തിയതും  നഴ്സുമാര്‍ക്ക് പണി മുടക്കാന്‍ അവകാശം ഇല്ലെന്നും അവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണം എന്ന് അലറിയതും  ഇന്നും    ആരുടെയും ഓര്‍മ്മയില്‍ നിന്നും മാഞ്ഞിട്ടില്ല.  നഴ്സുമാരുടെ സമരം കെട്ടടങ്ങും മുന്നേ, ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനത്തിനെതിരെ ഒരു പറ്റം  മെഡിക്കല്‍  സ്റ്റുഡന്റ്സ്  സമരവുമായിറങ്ങുകയും മെഡിക്കല്‍ കോളജുകള്‍ സ്തംഭിക്കുന്ന അവസ്ഥ വരെ ഉണ്ടാകുകയും ചെയ്തിട്ടും  ഐ.എം.എ ധര്‍മ്മ സംരക്ഷകര്‍ ഒന്നുംതന്നെ പറഞ്ഞു കണ്ടില്ല.  നഴ്സുമാര്‍ക്കല്ലേ അവകാശം ഇല്ലാതുള്ളൂ...   മാലാഖമാര്‍ തിരിഞ്ഞുകടിക്കാന്‍ പാടില്ലാലോ...   
              വസ്തുതകളുടെ നേരെ കണ്ണടച്ച്  ഇരുട്ടാകുന്നതിനു പകരം  വിമര്‍ശനങ്ങളില്‍ നിന്നും  പാഠങ്ങള്‍ ഉള്‍കൊള്ളാനും  വിശുദ്ധമായ ഒരു പ്രൊഫഷനെ  കാട്ടുകള്ളന്മാരുടെ  നിഗൂഡ ഗുഹ ആക്കാതിരിക്കാനുമാണ് യഥാര്‍ഥത്തില്‍  ഐ.എം.എ ശ്രദ്ധിക്കേണ്ടത് .

 

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...