Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, May 26, 2012

കോര്‍ കമ്പനിയും ബാംഗ്ലൂരിലെ പെണ്‍പിള്ളാരും

           
   ഫേസ്ബുക്കിനകത്ത് കുത്തിയിരുന്ന് ചന്തി വേദനയെടുത്ത് തുടങ്ങിയപ്പോള്‍സിസ്റ്റം ഓഫ് ചെയ്തു. മോണിട്ടറില്‍ അണയാന്‍ മറന്നു  മിന്നി നില്‍ക്കുന്ന യെല്ലോ LED പോലെ ബ്ലാങ്ക് ആയ മനസിലും എന്തൊക്കെയോ മിന്നുന്നു.. നഴ്സുമാരുടെ സമരത്തെ സപ്പോര്‍ട്ട് ചെയ്തു താങ്ങിയ അവസാനത്തെ പോസ്റ്റില്‍ ഏതോ ചേട്ടന്‍ തള്ളിയ കമ്മെന്റ് മനസ്സില്‍മായാതെ നില്‍ക്കുന്നു..
 -'ഇനി എഞ്ചിനീയര്‍മാരും ഇതുപോലെ ഒരു സമരം നടത്തേണ്ട സമയം വിദൂരമല്ല' . 
   എത്ര ദീര്‍ഘ വീക്ഷണമുള്ള പ്രവചനം. എവിടെയേലും ട്രെയിനി ആയിട്ടേലും ഒന്ന് കേറിക്കോട്ടേ.. സമരം നടത്തി കമ്പനിയെ പൊളിച്ചടുക്കണം. മലയാളീടടുത്താ അവന്റെയൊക്കെ കളി!!.. ങ്ങ്ഹാ!!             
   ചുമ്മാ ഇരുന്നു ബോറടിച്ചല്ലോ നേരം പോകാന്‍എന്താ വഴി?.. ടൌണിലെയ്ക്ക് ഇറങ്ങി ഒന്ന് ചുമ്മാ കറങ്ങിയാലോ?? 
 ഓ.. അല്ലെ വേണ്ട.. ഇപ്പൊ വെക്കേഷന്‍അല്ലെ പോയിട്ടും വല്ല്യ കൊണമില്ല.  ആ ജോമോന്റെ വീട് വരെ പോകാം.. പുതിയ ഫിലിം വല്ലതും ഉണ്ടോന്നു നോക്കാമല്ലോ..  
   
"ആ പറമ്പ്‌മുഴുവന്‍കാടു പിടിച്ചു കിടക്കുന്നു.. തുമ്പായെടുത്ത് അതൊക്കെയൊന്നു തെളിച്ച് രണ്ടു ചുവടു വാഴ നടെഡാ.. "

    അടുക്കളയില്‍നിന്നും ഉയര്‍ന്ന അശരീരി കേട്ടില്ലന്നു നടിച്ചു ഞാന്‍പറഞ്ഞു- "അമ്മെ ഞാന്‍പുറത്തേക്കൊന്നു പോകുവാ.." 

ഹും! ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയര്‍പറമ്പില്‍വെട്ടും കിളയും നടത്തണം പോലും!.. വാഴ നടണം പോലും!.. ഇതെന്താണ് ആളുകള്‍ഇക്കാലത്തും ഇത്ര പഴഞ്ചന്‍ആയി ചിന്തിക്കുന്നത്? വെറുതെയാണോ കേരളം രക്ഷപെടാത്തത്?. 

"പുറത്തെക്കെന്നു പറഞ്ഞാ എങ്ങോട്ടാ??.. അമേരിക്കയ്ക്കോ മറ്റോ ആണോ?.. "

"അമ്മ തമാശിച്ചതാണോ... "

"പിന്നെ.. തമാശ.. 24 മണിക്കൂറും കമ്പ്യൂട്ടറിന് മുന്നില്‍കുത്തിക്കൊണ്ടിരിക്കും.. വീട്ടില്‍അഞ്ചു പൈസയുടെ ഉപകാരമില്ല.. വല്ല പണിയും ചെയ്യാന്‍ പറഞ്ഞാല്‍ നെരങ്ങാന്‍ പോകും..  കമിഴ്ന്നു കിടക്കുന്ന ഒരു പ്ലാവില മറിച്ചു വെയ്ക്കത്തില്ല..  കുഴിമടിയന്‍.. "

  "കമിഴ്ന്ന പ്ലാവില മറിച്ചു വെച്ചിട്ട് നമുക്കെന്താ ഉപകാരം അമ്മേ..  ഈ അമ്മയെകൊണ്ട് തോറ്റു.."

കോഴ്സ്‌ വൈവയ്ക്ക്‌ ADSL മോഡത്തിന്റെ കഥ ചോതിച്ചപ്പോള്‍ BSNL കണക്ഷന്റെ സ്പീഡ്‌കുറവിനെക്കുറിച്ച് ഗ്യാസ് അടിച്ചു രക്ഷ പെട്ടതുപോലെ ഞാന്‍അവിടന്ന്  സ്കൂട്ട് ആയി..  

   സായാഹ്നസൂര്യന്റെ ഇളംകിരണങ്ങളും മന്ദമാരുതന്റെ മൃദു തലോടലും ഏറ്റു ഞാന്‍പതിയെ നടന്നു. ആഹാ.. എന്ത് രസമാണ് ഈ വൈകുന്നേരം ഇങ്ങനെ നടക്കാന്‍!!.. 
 റോഡില്‍തിരക്ക്‌വളരെ കുറവ്‌.. പത്താഴത്തില്‍നിന്നും പാറ്റകള്‍ പായും പോലെ ഇടയ്ക്കിടയ്ക്ക് ഓട്ടോകള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു..      
  വീടുകളില്‍വിളക്കുകള്‍തെളിഞ്ഞു തുടങ്ങി. തൊട്ടു മുന്നിലെ വീട്ടില്‍നാമം ജപിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. അതിലെ സംഗതി ഇഷ്ടപ്പെടാതതുകൊണ്ടോ എന്തോ എതിര്‍വീട്ടിലെ പട്ടി സ്റ്റാര്‍സിങ്ങറിലെ ജഡ്ജസിനെപ്പോലെ മുറുമുറുക്കുന്നു..      
   ഒരു പറ്റം പെണ്‍കുട്ടികള്‍എന്നെ പിന്നിട്ടു മുന്നോട്ടു പോയി.. കുരിശടിയില്‍വണക്കമാസ പ്രാര്‍ഥനയ്ക്ക് പോകുന്നതായിരിക്കും..  സമയം കിട്ടിയാല്‍ നാളെ മുതല്‍പ്രാര്‍ത്ഥനയ്ക്ക് പോകണമെന്ന് അപ്പോള്‍തന്നെ പോക്കറ്റ്‌ഡയറിയില്‍എഴുതിയിട്ടു!!. 
    അല്ലെങ്കിലും ഞാന്‍പണ്ടുമുതലേ തന്നെ വളരെ ആത്മീയനും ദൈവോന്മുഖനും ആയിരുന്നല്ലോ.  സണ്ടേസ്കൂള്‍ പരീക്ഷകള്‍ക്ക്‌ കിട്ടിയ ഗപ്പുകള്‍ഇപ്പോളും ഷോകേസില്‍ ഇരിക്കുന്നു..    
കെ.സി.വൈ.എം ക്യാമ്പുകള്‍ക്ക്‌കിട്ടിയ പാര്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ ആഴ്ച തൂക്കിവിറ്റപ്പോള്‍ മൂന്നു മൂന്നര കിലോ ഒണ്ടാരുന്നു. പേപ്പര്‍ക്വാളിടി പോരാ.. അല്ലേല്‍ കൊറച്ചൂടെ കാഷ് കിട്ടിയേനെ. ഇനി ഡയറക്ടറച്ചനെ കാണുമ്പോള്‍ക്വാളിറ്റിയുടെ കാര്യം പ്രത്യേകം പറയണം.

 "ഡാ ജോസഫേ.. എങ്ങോട്ടാ പാട്ടും പാടി?.. " 
സര്‍ട്ടിഫിക്കറ്റുകള്‍ അലമാരയില്‍തന്നെ വെച്ച് ഞാന്‍ തിരിഞ്ഞു നോക്കി. 
ഓ.. മണ്ഡലം!!..  നമ്മുടെ ബഡാ ദോസ്ത്‌ ആണ്. കോണ്ഗ്രസ്  പാര്‍ട്ടിയുടെ യൂത്ത്‌ വിംഗ് മണ്ഡലം കമ്മറ്റി  പ്രസിടന്റ്റ്‌ ആയി സേവനമനുഷ്ടിക്കുന്നു. മണ്ഡലം എന്ന പേരില്‍നാട്ടില്‍അറിയപ്പെടുന്നു.     നാടുകാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരത്തോട്ടും ദെല്‍ഹീലോട്ടും ഒക്കെ വിളിച് പരിഹാരം ഉണ്ടാക്കുന്നത് ഇദ്ദേഹമാണ്.      
"എന്നാ ഒണ്ടഡാ ഉവ്വേ വിശേഷം??..  ഇപോ കാണാന്‍പോലും ഇല്ലല്ലോ?.. ഓ എക്സാം ഒക്കെയാരിക്കും അല്ലെ? " 

"ഹേയ്.. എക്സാം ഒക്കെ തീര്‍ന്നു. ഇപ്പൊ ഫ്രീയാ.."

"B.tech അല്ലാരുന്നോ..  ജോലിയൊക്കെ ആയിക്കാണുമല്ലോ..  "

"ഇല്ല.. റിസള്‍ട്ട്‌വന്നില്ല.. അതുകൂടെ വന്നിട്ട് വേണം ആ വഴിക്ക്‌നോക്കാന്‍.."

"അല്ലാ കാമ്പസ്‌സെലക്ഷനോ റിക്രൂട്ട്മെന്റോ.. അങ്ങനെ എന്തോ ഇല്ലേ.. അതൊന്നും കിട്ടിയില്ലേ??'

"ഓ.. അതൊക്കെ സോഫ്റ്റ്‌വെയര്‍കമ്പനികളാ.. നമുക്ക്‌കോര്‍കമ്പനികളില്‍ആണ് നോട്ടം".. 

(പിന്നെ.. കോപ്പാ.. സപ്പ്ളി അടിച്ചുകിടന്നതുകൊണ്ട് അതൊന്നും അറ്റന്‍ഡ് ചെയ്യാന്‍പറ്റിയില്ലന്നു വല്ലതും  ഈ സോമന് അറിയാമോ!!   .. കോര്‍കമ്പനീ.. മാങ്ങാത്തൊലി!!) 
    
"ഓഹോ.. അങ്ങനെയാണോ??...  അപ്പൊ സോഫ്റ്റ്‌വെയര്‍ഫീല്‍ഡില്‍താല്പര്യം ഇല്ലേ.. " 

"ഹേയ്.. ആ സെക്ടറിനു തീരെ സ്റ്റേബിലിടി ഇല്ലെന്നെ.. ഒരു മാന്ദ്യം വന്നാല്‍.. ഡിം!!.. തീര്‍ന്നു. പിന്നെ ഫയങ്കര സ്ട്രെയിന്‍ആന്നേ.. "

"അപ്പൊ നുമ്പേ പറഞ്ഞ കോര്‍കമ്പനിയ്ക്കൊന്നും ഇത് ബാധകമല്ലേ??.. അവിടെ സ്ട്രയിനും സ്പ്രയിനും ഒന്നും ഇല്ലേ??"

ഒഹ്.. ഈ മൈ..$%*&ന്റെ ഒരു കാര്യം. ലവന്‍ഇനി കോര്‍ കമ്പനി എല്ലാം എഴുതി വാങ്ങിയെ അടങ്ങൂ.. കര്‍ത്താവേ പണി പാളുമോ??...

"ഹേയ്,, അവിടെയതൊന്നും ഇല്ലന്നേ..  അതൊക്കെ പോട്ടെ മാഷേ.. നെയ്യാറ്റിന്‍കരയില്‍എന്നാ ഒണ്ട്??.. വല്ല രക്ഷയും ഒണ്ടോ??..  പ്രചാരണത്തിന് പോകാറുണ്ടോ??" 
 ഞാന്‍പതുക്കെ റൂട്ട് മാറ്റി പുള്ളിയുടെ ഇഷ്ടവിഷയത്തിലെയ്ക്ക് വണ്ടി തിരിച്ചുവിട്ടു.. 

"അതെന്നാ ചോദ്യമാ മോനെ.. ഇന്നലെ വൈകുന്നേരം അവിടന്ന് ലാന്‍ഡ്‌ചെയ്തതെ ഉള്ളൂ..   എന്നാ പ്രസംഗമാരുന്നന്നോ.. ഇപ്പൊ ടി.പി ഇഷ്യു, കൂലംകുത്തി ഒക്കെകൂടിയായപ്പോ നമ്മള് കലക്കും എന്ന് ഉറപ്പായി..  ആകെ ഒരു പ്രശ്നമുള്ളത്  മറ്റേ പെട്രോളിയത്തിന്റെ......."

"അതേയ്.. പൊതിയഴിക്കേണ്ട.. പോയിട്ട് വേറെ പണിയുള്ളതാ.." ഞാന്‍ നിയമസഭയില്‍ സ്പീകര്‍ ഇടപെടുന്നപോലെ ഇടപെട്ടു..  
   
"ഒഹ്.. സംസാരിച്ചു നേരം പോയതറിഞ്ഞില്ല.. വൈകിട്ട് ഒരു സായാഹ്ന ധര്‍ണ്ണ ഉള്ളതാ.. " മണ്ഡലവും പതുക്കെ കളത്തില്‍നിന്നും പാളി.

"ഹോ.. രക്ഷപെട്ടു.. ഇവനൊക്കെ എനിക്ക് പണി വാങ്ങിതന്നേ അടങ്ങൂ!"
ആശ്വാസത്തോടെ ഞാന്‍ മുന്നോട്ട് നീങ്ങി..
            +++++++++++++++++++++++++++++++++++++++++
"ഡാ.. കൊച്ചെ കണ്ടിട്ട് ഒത്തിരിയായല്ലോ.. നിന്റെ പഠിത്തം ഒക്കെ തീര്‍ന്നോ?"
ദൈവമേ.. ദേ പിന്നേം മാരണം!! ഒരു പരിചയക്കാരന്‍ അച്ചായി.. കത്തിയല്ല സുപ്പെര്‍ മാക്സ് ബ്ലേഡ്‌... തൊലഞ്ഞു!! ഒരു വേദന തീരും മുന്നേ അടുത്ത്‌വന്നുകഴിഞ്ഞു.. 

"കോഴ്സ്‌തീര്‍ന്നു ചേട്ടാ..   എന്നാ പിന്നെ ഞാനങ്ങോട്ട്.."

"ങ്ഹാ.. എങ്ങോട്ടാ ഇത്ര ധൃതിയില്‍..  അവിടെ നിന്നേ... ചോതിക്കട്ടെ.. പണി ഒക്കെയായോ?.. "

"ഇല്ല ചേട്ടാ.. റിസള്‍ട്ട്‌ വന്നില്ല" 
              
"കാമ്പസ്‌സെലെക്ഷന്‍ഒന്നും കിട്ടിയില്ലേ?"

"അത് പിന്നെ ചേട്ടാ ഈ കോര്‍...." പറഞ്ഞു തീരും മുന്നേ അച്ചായി ഇടയില്‍കേറി.. "എന്റെ കുഞ്ഞമ്മേടെ നാത്തൂനു മൂന്ന് പെണ്‍പിള്ളാരാ..    മൂന്നും എഞ്ചിനീയറിംഗ് ആണ് പഠിച്ചേ.. .. കോഴ്സ്‌ തീരുന്നേനു മുന്നേ മൂന്നിനും  ഇതുപോലെ കാമ്പസ്‌സെലെക്ഷന്‍ കിട്ടി.. ഇപ്പൊ ബാന്ഗ്ലൂരാ.. പത്ത് അറുപതിനായിരം രൂപാ സാലറി ഒണ്ട്..." 

എന്നാപ്പിന്നെ  അതിലൊരെണ്ണത്തിനെ കേട്ടിച്ചുതരുമോ എന്ന് ചോദിക്കാന്‍ നാക്ക് ചൊറിഞ്ഞു.. എന്നാലും കടിച്ചോതുക്കി പറഞ്ഞു: 
    
"കൊള്ളാം.. വളരെ നല്ലത്.. "

 "അല്ല.. മോനെന്നാ പറയാന്‍വന്നെ?.. "

"അല്ല ചേട്ടാ.. ഈ കോര്‍ കമ്പനി......." 

പെട്ടെന്ന് പുറകില്‍ഒരു യുനിക്കോണ്‍  ചവിട്ടി നിര്‍ത്തി.. തിരിഞ്ഞു നോക്കി.. ജോമോനാണ്..  
    
 തേടിയ വള്ളി കാലില്‍.. സോറി.. യുനിക്കോണില്‍... 
 "അളിയാ എങ്ങോട്ടാ.."   

"ഞാന്‍നിന്റെ വീട്ടിലോട്ടു തന്നെ ഇറങ്ങീതാ... "

"എന്നാ കേറ്.." 

പറഞ്ഞുതീരും മുന്നേ ചാടിക്കേറി.!!. എസ്കേപ് !!

"എന്നാ പിന്നെ... ചേട്ടാ... ഇപ്പൊ അല്പം ധൃതീയുണ്ടേ.. പിന്നെ കാണാം"   

പാഞ്ഞുപോകുന്ന ബൈക്കിന്റെ പുറകിലിരുന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അച്ചായി ആരുടെയോ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്ത് നീങ്ങുന്നത് കണ്ടു.. 
ബാന്ഗ്ലൂര് നിന്നും കുഞ്ഞമ്മേടെ മോള്‍ ആയിരിക്കും!!...   
  

കോര്‍കമ്പനികള്‍ മാന്ദ്യത്തെ നേരിടുന്നതു പോലെ യുനികോന്‍ ഗട്ടറുകള്‍കടന്നു മുന്നോട്ടു നീങ്ങി...

         
       
              
  

    
    

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...